മനുഷ്യരും വന്യജീവികളുമായുള്ള സംഘർഷം ഒഴിവാക്കാൻ മികച്ച ബോധവത്കരണം ആവശ്യമാണെന്നും അത് സ്‌കൂളുകളിൽനിന്ന് ആരംഭിക്കണമെന്നും ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ പറഞ്ഞു. പ്രകൃതിവിഭവങ്ങളുടെ മൂല്യവും അവ സംരക്ഷിക്കേണ്ടതിന്റെ  ആവശ്യകതയെയും കുറിച്ച് ബോധവത്കരിക്കുകയാണ് വനസംരക്ഷണത്തിൽ ഏറെ പ്രധാനമെന്നും ഗവർണർ പറഞ്ഞു. സംസ്ഥാന വനം-വന്യജീവിവകുപ്പിന്റെ ആഭിമുഖ്യത്തിൽ വന്യജീവിവാരാഘോഷത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. പ്രകൃതിസംരക്ഷണം നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷത്തിലും ഏറെ ഒഴിച്ചുകൂടാനാവാത്തത് ആയിരിക്കുന്നു. വനനശീകരണം ധാരാളം പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ആനകളുടെ പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സംസ്ഥാനത്തിന്റെ താത്പര്യം പ്രത്യേക പരാമർശമർഹിക്കുന്നതായും ഗവർണർ പറഞ്ഞു.

വനംവകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വനം, മൃഗസംരക്ഷണം, ക്ഷീരവികസനം, മൃഗശാല വകുപ്പ് മന്ത്രി കെ.രാജു അധ്യക്ഷനായിരുന്നു. വന്യജീവി സംരക്ഷണത്തോടൊപ്പം മനുഷ്യനും സമാധാന പൂർണമായ ജീവിതം ഉറപ്പുവരുത്താൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു. വനസംരക്ഷണത്തിന് സർക്കാർ സംവിധാനങ്ങൾ മാത്രം വിചാരിച്ചാൽപ്പോര. ജനങ്ങൾതന്നെ അതിന് മുന്നിട്ടിറങ്ങണം. വനസംരക്ഷണം വന്യജീവികൾക്കുവേണ്ടി മാത്രമല്ല, നമ്മുടെ നിലനിൽപ്പിനുവേണ്ടിയുമാണെന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകണം.
പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും ഫോറസ്റ്റ് ഫോഴ്സ് മേധാവിയുമായ പി.കെ.കേശവൻ സ്വാഗതവും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ സുരേന്ദ്രകുമാർ നന്ദിയും പറഞ്ഞു. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (പ്ളാനിങ് ആൻഡ് ഡെവലപ്മെന്റ്) ദേവേന്ദ്രകുമാർ വർമ റിപ്പോർട്ട് അവതരിപ്പിച്ചു.


വാരാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ വന്യജിവി ഫോട്ടോഗ്രഫി, പോസ്റ്റർ ഡിസൈനിങ് മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും വനംവകുപ്പിന്റെ പ്രസിദ്ധീകരണമായ അരണ്യം വിശേഷാൽപ്പതിപ്പിന്റെ പ്രകാശനവും ഗവർണർ നിർവഹിച്ചു.


LEAVE A REPLY

Please enter your comment!
Please enter your name here