കൊച്ചി: പൊങ്ങിൻചുവട് ആദിവാസി കോളനിയിലെ പ്രശ്നങ്ങളും പരാതികളും നേരിട്ടറിയാൻ ജില്ലാ കളക്ടർ എസ്. സുഹാസ് എത്തി. വിജയദശമി ദിനത്തിൽ കോളനിയിലെത്തിയ കളക്ടറെ കോളനിവാസികൾ സ്വീകരിച്ചു. പൊങ്ങിൻ ചുവട് ഊര് വിദ്യാ കേന്ദ്രത്തിൽ ഒത്തുകൂടിയ കോളനിവാസികൾ കളക്ടർക്കു മുന്നിൽ തങ്ങളുടെ പ്രശ്നങ്ങളും പരാതികളും അറിയിച്ചു.

കുടിവെള്ള പ്രശ്നത്തിന് അടിയന്തരമായി പരിഹാരമുണ്ടാക്കുമെന്ന് കളക്ടർ ഉറപ്പു നൽകി. രണ്ട് ഘട്ടമായാണ് പദ്ധതി നടപ്പാക്കുക. കിണറുകൾ കുഴിക്കാനും പ്രകൃതിദത്ത ഉറവിടത്തിൽ നിന്ന് പൈപ്പ് ലൈൻ ഇടുന്നതിനുമാണ് പദ്ധതി. ജനപ്രതിനിധികളുടെ ഫണ്ടിൽ നിന്ന് തുക അനുവദിക്കുന്നതിന് നടപടി സ്വീകരിക്കും. പദ്ധതിയുടെ വിശദമായ റിപ്പോർട്ട് തയാറാക്കി അനുമതിക്ക് സമർപ്പിച്ചതായി ജില്ലാ ട്രൈബൽ ഡെവലപ്മെൻറ് ഓഫീസർ അറിയിച്ചു.

ഓരോരുത്തരുടെയും പ്രശ്നങ്ങൾ കളക്ടർ ചോദിച്ചു മനസിലാക്കി. ആന ശല്യം വലിയ ഭീഷണിയാണെന്ന് കോളനിക്കാർ പറഞ്ഞു. തെങ്ങ്, വാഴ, കാപ്പി തുടങ്ങിയ കൃഷികൾ കാട്ടാന നശിപ്പിക്കുന്നുവെന്നും ഇതിനെ പ്രതിരോധിക്കാനായി സ്ഥാപിച്ചിരിക്കുന്ന സോളാർ ഫെൻസിംഗ് ശരിയായി പ്രവർത്തിക്കുന്നില്ലെന്നും അവർ പറഞ്ഞു. എന്നാൽ ചില പ്രദേശങ്ങളിൽ ലൈൻ ഷോർട്ട് ആകുന്നതാണ് പ്രശ്നമെന്ന് ഫോറസ്റ്റ് അധികൃതർ പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിക്കു കീഴിൽ പണം ലഭിക്കാത്തവരുടെ പരാതി ഉടൻ പരിഹരിക്കാൻ കളക്ടർ നിർദേശം നൽകി. സഹകരണ വകുപ്പിന്റെ ഔട്ട്ലെറ്റിലേക്ക് സാധനങ്ങൾ കൊണ്ടുവരുന്നതിനായി അനുവദിച്ച ജീപ്പ് കണ്ടം ചെയ്യുന്നതിന് ഉടൻ നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു.

ആദിവാസി കോളനിയിൽ ഉടൻ മൊബൈൽ ഹോസ്പിറ്റൽ യൂണിറ്റ് സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഉരുൾപൊട്ടലിൽ വീട് തകർന്നവർക്ക് ലൈഫ് ഭവന പദ്ധതി പ്രകാരം വീട് ലഭ്യമാക്കും.

ഊരിലെ വിദ്യാർഥികളുടെ പഠനത്തെക്കുറിച്ചും ഹോസ്റ്റൽ സൗകര്യങ്ങളെക്കുറിച്ചും കളക്ടർ ചോദിച്ചറിഞ്ഞു. ഊരിലുള്ളവർക്ക് ആരോഗ്യ പ്രവർത്തകരുടെ സേവനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മേഖലയിലെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്ന് ഉറപ്പു നൽകിയ കളക്ടർ ഊരിൽ   നിന്ന് ഊണു കഴിച്ച ശേഷമാണ് മടങ്ങിയത്. ദ സറ ആഘോഷ ദിനത്തിൽ കോളനിയിലെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോളനിവാസികൾ നൽകിയ നിവേദനങ്ങളും കളക്ടർ സ്വീകരിച്ചു. വേങ്ങൂർ പഞ്ചായത്ത് ആറാം വാർഡിലുള്ള പൊങ്ങിൻ ചുവട് കോളനിയിൽ 115 കുടുംബങ്ങളാണുള്ളത്.

എസ് ടി ഡെവലപ്മെൻറ് ഓഫീസർ ജി. അനിൽ കുമാർ, പെരുമ്പാവൂർ താലൂക്ക് ഓഫീസർ അസ്മ ബീവി, ഫോറസ്റ്റ് റേഞ്ച് ഓഫീസർ നിഥിൻ പി. എസ് എന്നിവർ കളക്ടർക്കൊപ്പമുണ്ടായിരുന്നു


LEAVE A REPLY

Please enter your comment!
Please enter your name here