കോഴിക്കോട്:

താമരശ്ശേരി  കൂടത്തായി സയനൈഡ്  കൊലപാതക  പരമ്പരയുമായി  ബന്ധപ്പെട്ട കേസിൽ കൂടുതൽ ചുരുളഴിക്കാൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.ഇതിനിടെ 

ആരോപണമുയര്‍ന്ന ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ സി.പി.എം പുറത്താക്കി. ചാത്തമംഗലം ലോക്കല്‍ സെക്രട്ടറി മനോജിനെയാണ് ജില്ല കമ്മിറ്റി പുറത്താക്കിയത്. വ്യാജ വില്‍പത്രം ചമയ്ക്കാന്‍ ജോളിയില്‍ നിന്ന് മനോജ് പണം കൈപ്പറ്റിയെന്നാണ് ആരോപണം. അതേസമയം കേസിലെ അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്കും ഉദ്യോഗസ്ഥരിലേക്കും കൂടി നീളുകയാണ്. ജോളിയുമായി പ്രാദേശിക രാഷ്ട്രീയ നേതാക്കളായ രണ്ട് പേര്‍ പണമിടപാട് നടത്തിയത് സംബന്ധിച്ച്‌ അന്വേഷണ സംഘത്തിന് രേഖകള്‍ ലഭിച്ചിരുന്നു. ഇതിനിടെ, കൂടത്തായി വില്ലേജ് ഓഫിസില്‍ ലാന്‍ഡ് റെവന്യൂ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച പരിശോധന നടത്തി.

 കേസില്‍ മൊഴി രേഖപ്പെടുത്തിയ ശേഷം ഷാജുവിനെ വിട്ടയച്ചതായി റൂറല്‍ എസ്‌‌പി കെ.ജി.സൈമണ്‍ അറിയിച്ചു.. വിശദമായ ചോദ്യം ചെയ്യല്‍ നടന്നെന്നും അതിനുശേഷമാണ് ഷാജുവിനെ വിട്ടയച്ചതെന്നും എസ്‌‌പി മാധ്യമങ്ങളോട് പറഞ്ഞു. ഷാജുവിന്റെ മൊഴികള്‍ വ്യക്തമായി പരിശോധിക്കുമെന്നും കൊലപാതകത്തില്‍ ഷാജുവിന് നേരിട്ട് പങ്കുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കെ.ജി.സൈമണ്‍ പറഞ്ഞു.

മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനും കൊലപാതകങ്ങളില്‍ പങ്കുള്ളതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള ഷാജു കുറ്റസമ്മതം നടത്തിയെന്നും വാർത്തകളുണ്ടായിരുന്നു. ആദ്യ ഭാര്യ സിലിയെയും ഒരു വയസുള്ള കുഞ്ഞിനെയും കൊലപ്പെടുത്താനുള്ള സാഹചര്യം ഒരുക്കിയത് താനാണെന്ന് ഷാജു കുറ്റസമ്മതം നടത്തിയെന്നാണ് നേരത്തെ പുറത്തുവന്ന വാർത്തകൾ. എന്നാൽ, ഷാജു കുറ്റക്കാരനാണെന്ന തരത്തിൽ വ്യക്തമായ തെളിവുകൾ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും എസ്‌പി  വ്യക്തമാക്കി.


LEAVE A REPLY

Please enter your comment!
Please enter your name here