കോഴിക്കോട്: താമരശ്ശേരി
കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ ജോളിയുടെ രണ്ടാം ഭര്‍ത്താവ്  ഷാജുവിനെതിരെ  ഗുരുതര ആരോപണവുമായി റോയി-ജോളി ദമ്പതികളുടെ മൂത്തമകന്‍ റോമോ റോയി രംഗത്ത്. ഷാജു പറഞ്ഞ പല കാര്യങ്ങളും കള്ളമാണെന്ന് റോമോ പറഞ്ഞു.
കേസില്‍ ഷാജുവിനും പങ്കുണ്ടെന്നാണ് റോമോ പറയുന്നത്. റോയി കടുത്ത മദ്യപാനിയായിരുന്നെന്നും മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നെന്നുമുള്ള ഷാജുവിന്റെ വാദം റോകോഴിമോ നിഷേധിച്ചു. റോയിയും ജോളിയും തമ്മില്‍ വഴക്ക് കൂടാറുണ്ടായിരുന്നുവെന്ന ഷാജുവിന്റെ വാദത്തെയും റോമോ തള്ളി.
റോമോ പറയുന്നത് ഇങ്ങനെ- 'എന്റെ അച്ഛനൊപ്പം ഒരിക്കല്‍പ്പോലും സഞ്ചരിക്കാത്തയാള്‍ എങ്ങനെയാണ് അച്ഛന്‍ മദ്യപാനിയാണെന്നു പറയുക? രണ്ടാനച്ഛന്‍ എന്ന നിലയില്‍ ഷാജു ഞങ്ങള്‍ക്ക് ഒരു പരിഗണനയും നല്‍കിയിരുന്നില്ല. തന്റെയും  അനുജന്റെയും  കാര്യത്തില്‍ ഇടപെട്ടിരുന്നില്ല.
അച്ഛനുള്ളപ്പോള്‍ ഞങ്ങള്‍ സ്വസ്ഥമായിട്ടാണു ജീവിച്ചത്. അമ്മയും അച്ഛനും തമ്മില്‍ തര്‍ക്കങ്ങളൊന്നും ഉണ്ടായിരുന്നില്ല. അമ്മയ്ക്ക് ഒരു സംരക്ഷണമാകുമല്ലോ എന്നോര്‍ത്താണു ഷാജുവുമായുള്ള വിവാഹത്തിന്  ഞങ്ങള്‍ സമ്മതിച്ചത്.
ക്രൈംബ്രാഞ്ച് അമ്മയെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയപ്പോള്‍ സിനിമയ്ക്കു പോയ ആളാണ് ഷാജുവെന്നും റോമോ പറയുന്നു.
അമ്മയ്ക്ക് ഒറ്റയ്ക്കു കൃത്യം ചെയ്യാന്‍ കഴിയുമെന്നു കരുതുന്നില്ലെന്നും നിരപരാധിയാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ഷാജു നടത്തുന്നതെന്നും റോമോ ആരോപിച്ചു. വീട്ടില്‍ നിന്നു ചാക്കില്‍ ഷാജു സാധനങ്ങള്‍ കടത്തിയതു സംശയമാണെന്നും റോമോ പറഞ്ഞു.
കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടട്ടെയെന്ന് റോമോ നേരത്തേ പറഞ്ഞിരുന്നു. എല്ലാ കാര്യങ്ങളും ക്രൈംബ്രാഞ്ച് തെളിയിക്കട്ടെ. കൃത്യമായ ഉത്തരം അന്വേഷണത്തിലൂടെ ലഭിക്കും. എനിക്ക് തളര്‍ന്നിരിക്കാനാകില്ല. അനുജനുണ്ട്. അവന്‍ തളര്‍ന്നുപോകും. അതിനാല്‍ പ്രതിസന്ധികളെ അതിജീവിക്കേണ്ടതുണ്ട് എന്നും റോമോ മാധ്യമങ്ങളോട് പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here