പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍റെ പ്രസ്താവന:
ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കുന്ന പദ്ധതി അടിയന്തിരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെടാന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. നിര്‍മ്മാണത്തിന് അനുമതി നേടിയ നടപടിയെ കേരളം മുക്തകണ്ഠം അഭിനന്ദിക്കുമ്പോള്‍ പ്രതിപക്ഷ നോതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെ ആക്ഷേപിച്ചുകൊണ്ട് നിരന്തരം നടത്തുന്ന പ്രസ്താവനകള്‍ വികസന വിരുദ്ധരെ മാത്രമേ സന്തോഷിപ്പിക്കുകയുള്ളു എന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. 
മുഖ്യമന്ത്രി ഡല്‍ഹിയ്ക്ക് പോയത് ലാവ്ലിന്‍ കേസിനെ സ്വാധീനിക്കാന്‍ ആണ് എന്ന വിചിത്രമായ കണ്ടുപിടിത്തവും രമേശ് ചെന്നിത്തലയുടെ പ്രസ്താവയില്‍ കണ്ടു. ലാവ്ലിന്‍ കേസില്‍ സി.ബി.ഐ കോടതി വിശദമായ പരിശോധനയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കാര്യം കേരളത്തിലെ പ്രതിപക്ഷ നേതാവായ ചെന്നിത്തല അറിഞ്ഞിട്ടില്ല എന്ന മട്ടില്‍ പ്രചരണം നടത്തുന്നത് രാഷ്ട്രീയ മര്യാദകളുടെയും നിയമ മര്യാദകളുടെയും ധാര്‍മിക മര്യാദകളുടെയും അങ്ങേയറ്റത്തെ ലംഘനമാണ്. ഇത് രമേശ് ചെന്നിത്തലയുടെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. ഇത് കോടതി വിധിയെ അപമാനിക്കുന്നതിന് തുല്യമാണ്. രാഷ്ട്രീയ വിരേധം വെച്ച് അധാര്‍മ്മിക പ്രചരണങ്ങള്‍ നടത്തുന്നതിന് ന്യായീകരണമില്ല. ഈ കുപ്രചരണം അദ്ദേഹം എത്രയും വേഗം അവസാനിപ്പിക്കുമെന്ന് കരുതുന്നു. 
നിധിന്‍ ഗഡ്കരിയെ കാണാന്‍ പൊതുമരാമത്ത് മന്ത്രിയെ അയച്ചാല്‍ മതിയായിരുന്നു; മുഖ്യമന്ത്രി പോകേണ്ടതില്ലായിരുന്നു എന്ന മട്ടിലുള്ള രമേശ് ചെന്നിത്തലയുടെ പ്രസ്താവന ദേശീയപാത വികസനത്തിന് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി മുഖ്യമന്ത്രി നടത്തിക്കൊണ്ടിരിക്കുന്ന ആത്മാര്‍ത്ഥവും ഫലപ്രദവുമായ ധാരാളം നടപടികളെ പറ്റി അല്പം പോലും ശ്രദ്ധിക്കാതിരുന്നതിന്‍റെ ഫലമായി സംഭവിക്കുന്നതാണ്. നിരവധിതവണ പൊതുമരാമത്ത് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായും കേന്ദ്രഉപരിതല ഗതാഗത വകുപ്പ് മന്ത്രിയുമായും എന്‍.എച്ച്.എ.ഐ ചെയര്‍മാനുമായും ദേശീയപാത വികസനം ചര്‍ച്ച ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂണിലാണ് മുഖ്യമന്ത്രി പൊതുമരാമത്ത് മന്ത്രിയെയും കൂട്ടി പ്രധാനമന്ത്രിയെ കണ്ട ശേഷം ഗഡ്കരിയെ കണ്ട് രണ്ട് മണിക്കൂറോളം ചര്‍ച്ച നടത്തിയത്. ആ യോഗത്തില്‍ വെച്ചാണ് ചെലവിന്‍റെ 25% തുക സംസ്ഥാനം വഹിക്കണമെന്ന് ആവശ്യപ്പെട്ടത്. അത് മന്ത്രിസഭ പിന്നീട് അംഗീകരിച്ചു. കാസര്‍കോട് നിന്ന് നിര്‍മ്മാണം ആരംഭിക്കാമെന്നും ഉറപ്പ് നല്‍കി. മുടങ്ങി കിടക്കുന്ന കോഴിക്കോട് ബൈപ്പാസും കുതിരാന്‍ തുരങ്കവും വേഗത്തിലാക്കാമെന്നും ഉറപ്പ് നല്‍കിയിരുന്നു.
 ഡല്‍ഹിയ്ക്ക് പുറമെ കൊച്ചിയിലും തിരുവനന്തപുരത്തും മുഖ്യമന്ത്രി മരാമത്ത് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. 25% തുക നല്‍കാമെന്ന് സമ്മതിച്ച ശേഷവും ഉത്തരവിറങ്ങാത്തതിനാലാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ വെച്ച് ഇപ്പോള്‍ ചര്‍ച്ച നടത്തിയത്. ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ മനസ്സിലാക്കി ഗഡ്കരി അതിവേഗത്തില്‍ ഉത്തരവ് ഇറക്കുകയായിരുന്നു. ഈ വമ്പന്‍ വികസന നേട്ടം കേരളത്തിന് ഉണ്ടായത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ സന്ദര്‍ഭോചിതമായി ഇടപെടല്‍ കൊണ്ടാണ്. (മരാമത്ത് മന്ത്രിയ്ക്ക് സംസ്ഥാനത്തു ചില ചുമതലകള്‍ മുഖ്യമന്ത്രി ഏല്‍പ്പിച്ചിരിക്കുകയാണ്). മുഖ്യമന്ത്രി ചെയ്യേണ്ട കാര്യം അദ്ദേഹം തന്നെ ചെയ്യണം. അതിന് പൊതുമരാമത്ത് വകുപ്പിന് അദ്ദേഹത്തോട് എന്നും പ്രത്യേക കടപ്പാടുണ്ട്. രമേശ് ചെന്നിത്തല അധാര്‍മ്മികമായ പ്രസ്താവനകള്‍ അവസാനിപ്പിച്ച്  കേരളത്തിന്‍റെ രാഷ്ട്രീയ ധാര്‍മ്മികതയും വികസന ലക്ഷ്യങ്ങളും മുന്‍നിര്‍ത്തി നിലപാടുകള്‍ സ്വീകരിക്കണമെന്നും ജി.സുധാകരന്‍ ആവശ്യപ്പെട്ടു. 
ദീര്‍ഘകാലം ഇന്ത്യഭരിച്ച കോണ്‍ഗ്രസ്സിന് 50 വര്‍ഷത്തോളമായി ഏറ്റെടുത്ത സ്ഥലത്ത് ദേശീയപാത നിര്‍മ്മിക്കാന്‍ കഴിഞ്ഞില്ല എന്ന വസ്തുത കൂടി ചെന്നിത്തല ഓര്‍ക്കേണ്ടതായുണ്ട്. കോണ്‍ഗ്രസ്സ് ഭരണത്തിന്‍റെ പരാജയമാണ് ദേശീയപാത നിര്‍മ്മാണം അനന്തമായി നീളാന്‍ കാരണം. മുഖ്യമന്ത്രി ഒരിക്കല്‍ കൂടി ഇടപെട്ട് അനിശ്ചിതത്വം അവസാനിപ്പിച്ചതില്‍ മുഖ്യമന്ത്രിയോട് കേരളം കടപ്പെട്ടിരിക്കുന്നു. പൊതുമരാമത്ത് വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയനോടും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരിയോടും നന്ദി പ്രകാശിപ്പിക്കുന്നുവെന്നും മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.  

LEAVE A REPLY

Please enter your comment!
Please enter your name here