ന്യൂഡൽഹി: പാകിസ്താനിലെ ബലാകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ബുദ്ഗാമിൽ വ്യോമസേനയുടെ ഹെലികോപറ്റർ വെടിവെച്ചിട്ടത് അബദ്ധത്തിലെന്ന് എയർ ചീഫ് രാകേഷ് കുമാർ സിങ്. വലിയ തെറ്റ് എന്നാണ് സംഭവത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേർക്കെതിരെ നടപടിയെടുത്തതായും അദ്ദേഹം വ്യക്തമാക്കി.ആറ് വ്യോമസേന സൈനികരും ഒരു നാട്ടുകാരനുമാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. അതിർത്തിയിൽ ഇന്ത്യ-പാക് വ്യോമസേനകൾ തമ്മിൽ ഏറ്റുമുട്ടൽ നടക്കുമ്പോഴായിരുന്നു ശ്രീനഗറിനടുത്ത് ബുദ്ഗാമിൽ ഹെലികോപ്റ്റർ വെടിവെച്ചിട്ടത്.

പാകിസ്താനിൽ നിന്നും തൊടുത്തുവിട്ട മിസൈലാണെന്ന് തെറ്റിദ്ധരിച്ചാണ് ഹെലികോപ്റ്ററിന് നേരെ ആക്രമണം നടത്തിയത് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മിസൈൽ പതിച്ച ശേഷം രണ്ടായി പിളർന്നാണ് ഹെലികോപ്റ്റർ താഴെ വീണത്. തീഗോളമായി അത് താഴേക്ക് പതിക്കുന്നതും തൊട്ടുപിന്നാലെ ഗ്രാമീണർ തടിച്ചു കൂടുന്നതുമുൾപ്പെട്ട ദൃശ്യങ്ങൾ വ്യോമസേനക്ക് ലഭിച്ചിരുന്നു.

ഇത് നമ്മുടെ ഭാഗത്തു നിന്നും ഉണ്ടായ ഒരു വലിയ തെറ്റായിരുന്നുവെന്ന് അംഗീകരിക്കുന്നു. കഴിഞ്ഞയാഴ്ചയാണ് നേരത്തേ പ്രഖ്യാപിച്ച അന്വേഷണം പൂർത്തിയായത്. നമ്മൾ തൊടുത്ത മിസൈൽ തന്നെയാണ് എംഐ17 വി2 വിഭാഗത്തിൽപ്പെട്ട ഹെലികോപ്റ്ററിനെ തകർത്തത് എന്ന് വ്യക്തമായി- എയർ ചീഫ് രാകേഷ് കുമാർ സിങ് പറഞ്ഞു. ഉത്തരവാദിയായവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


LEAVE A REPLY

Please enter your comment!
Please enter your name here