മുസാഫർപുർ: രാജ്യത്ത് ആൾക്കൂട്ട ആക്രമണം വർധിക്കുന്നതിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയ ചലച്ചിത്ര പ്രവർത്തകരടക്കമുള്ള 50 ഓളം പ്രമുഖ വ്യക്തികൾക്കെതിരെ എഫ്.ഐ.ആർ.സമർപ്പിച്ചു. ഗവേഷകനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ, സംവിധായകൻ മണി രത്നം, ചലച്ചിത്ര പ്രവർത്തകരായ അടൂർ ഗോപാലകൃഷ്ണൻ, രേവതി, അപർണാ സെൻ എന്നിവരടക്കമുള്ളവർക്കെതിരെയാണ് എഫ്.ഐ.ആർ. സമർപ്പിച്ചിരിക്കുന്നത്.സുധീർ കുമാർ ഓജ എന്ന അഭിഭാഷകൻ സമർപ്പിച്ച പരാതിയിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സൂര്യകാന്ത് തിവാരിയാണ് രണ്ട് മാസം മുമ്പ് ഇവർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്.
ഉന്നതർ പ്രധാനമന്ത്രിക്കയച്ച കത്ത് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയതായും പ്രധാനമന്ത്രിയുടെ പ്രകടനത്തെ താഴ്ത്തിക്കെട്ടാൻ ശ്രമിച്ചതായും ആരോപിച്ചാണ് സുധീർ കുമാർ പരാതി നൽകിയത്. കത്ത് വിഘടനവാദ പ്രവണതകളെ പിന്തുണയ്ക്കുന്നതാണെന്നും പരാതിയിലുണ്ട്.

രാജ്യദ്രോഹം, പൊതുജന ശല്യം, മതവികാരങ്ങളെ വ്രണപ്പെടുത്തുക, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ അപമാനിക്കൽ എന്നിവയുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

ജയ് ശ്രീറാം ഇപ്പോൾ പോർവിളി ആയി മാറിയിട്ടുണ്ടെന്നും മുസ്ലികൾക്കും ദളിതുകൾക്കുമെതിരെ തുടർച്ചയായി ഉണ്ടാകുന്ന ആൾക്കൂട്ട ആക്രമണത്തിൽ ആശങ്കയുണ്ടെന്നും കാണിച്ച് ജൂലായിലാണ് 50 ഓളം സാഹിത്യ-ചലച്ചിത്ര പൊതുരംഗത്തെ പ്രമുഖർ പ്രധാനമന്ത്രിക്ക് കത്തയച്ചത്.


LEAVE A REPLY

Please enter your comment!
Please enter your name here