കൊല്ലം: പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവര്‍ക്ക് അമ്പതിനായിരം രൂപവരെ പിഴ വിധിക്കാന്‍ സ്‌കൂള്‍ തല സുരക്ഷാ സമിതിക്ക് അധികാരമുണ്ടെന്ന് ഡിജിപി ഋഷിരാജ് സിങ്. കൊട്ടാരക്കര ഗവണ്‍മെന്റ് മോഡല്‍ എച്ച്എസ്എസില്‍ ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രം നടത്തുന്ന ലഹരിവിരുദ്ധ ബോധവത്കരണം ആയുഷ് 2019ന്റെ കൊട്ടാരക്കര വിദ്യാഭ്യാസജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീസുരക്ഷാ നിയമങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കണമെന്നും ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്വയരക്ഷയ്ക്കായി ഏതെങ്കിലും ആയോധനകല അഭ്യസിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘ബാഗില്‍ മുളക് സ്‌പ്രേയുമായി നടക്കുന്ന ഡല്‍ഹിയിലെ രീതി ഇവിടെയും വേണ്ടിവരുന്നു. എല്ലാ സ്‌കൂളുകളിലും സുരക്ഷാസമിതികളുണ്ടാക്കണം.

പതിനെട്ടുവയസില്‍ താഴെയുള്ളവര്‍ക്ക് മൊബൈല്‍ ഫോണും ഇരുചക്രവാഹനവും സമ്മാനിക്കുന്ന പ്രവണത രക്ഷിതാക്കള്‍ ഒഴിവാക്കണം. കൗമാരക്കാരില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നതു തടയാന്‍ അധ്യാപകരും രക്ഷാകര്‍ത്താക്കളും ജാഗ്രത കാണിക്കണം.
.
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ലഹരി ഉപയോഗം വ്യാപകമാണ്. അധ്യാപകരോടും രക്ഷിതാക്കളോടും കുട്ടികള്‍ക്ക് മനസ്സുതുറന്നു സംസാരിക്കാനുള്ള സാഹചര്യമുണ്ടാകണം. ദിവസവും പത്തുമിനിറ്റെങ്കിലും രക്ഷിതാക്കള്‍ കുട്ടികളോട് സംസാരിക്കണം’ അദ്ദേഹം വ്യക്തമാക്കി.


LEAVE A REPLY

Please enter your comment!
Please enter your name here