ന്യൂഡല്‍ഹി: തടസ്സങ്ങളെല്ലാം നീങ്ങി. ഇനി പ്രവാസികൾക്കും ആധാർ കാർഡ് സ്വന്തമാക്കാം. നിലവിൽ വിദേശത്ത് ജോലിചെയ്യുന്ന ഇന്ത്യക്കാർക്ക് ആധാർ എടുക്കാൻ നിയമം അനുവദിച്ചിരുന്നില്ല. ഇക്കഴിഞ്ഞ കേന്ദ്രബജറ്റിൽ പ്രവാസികൾക്ക് ആധാറെടുക്കാമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.

പ്രവാസിയായ ആൾ 182 ദിവസം ഇന്ത്യയിൽ സ്ഥിരമായി താമസിച്ചാൽ മാത്രമേ നിലവിൽ ആധാർകാർഡ് എടുക്കാൻ കഴിയുമായിരുന്നുള്ളൂ. പുതിയ ഉത്തരവിലൂടെ ഈ വ്യവസ്ഥയാണ് മാറ്റിയത്. ഇനി വിദേശത്ത് ജോലിയിലിരിക്കുമ്പോൾത്തന്നെ നാട്ടിലെത്തുന്ന പ്രവാസിക്ക് ആധാർ എടുക്കാൻ കഴിയും. ഇതിനായി പ്രത്യേക അപേക്ഷാ ഫോമും തയ്യാറാക്കിയിട്ടുണ്ട്.

കാർഡ് വ്യവസ്ഥകൾക്ക് വിധേയമായി

അതേസമയം, വ്യവസ്ഥകൾക്ക് വിധേയമായി മാത്രമേ കാർഡ് സ്വന്തമാക്കാൻ കഴിയൂ. ഇന്ത്യൻ പാസ്‌പോർട്ടും ഇന്ത്യയിൽ സ്ഥിരമായ മേൽവിലാസവുമുള്ള പ്രവാസിക്ക് മാത്രമേ ആധാർ എടുക്കാൻ കഴിയുകയുള്ളൂ. ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്ന ഇന്ത്യാക്കാർക്ക് ഇതുമൂലം തടസ്സങ്ങൾ നീങ്ങിയിരിക്കുകയാണ്. എന്നാൽ, അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികൾക്ക് ആധാർ എടുക്കുന്നതിന് ഇപ്പോഴും തടസ്സങ്ങളുണ്ട്. ഈ രാജ്യങ്ങളിൽ ജോലിചെയ്യുന്ന മിക്കവരും അഞ്ച് വർഷം കഴിയുന്നതോടെ ഇന്ത്യൻ പാസ്പോർട്ട് ഒഴിവാക്കി അതത് രാജ്യങ്ങളിൽനിന്നുള്ളത് സ്വീകരിക്കുക പതിവാണ്. ഇത്തരക്കാർ നാട്ടിലെത്തിയാലും അവർക്ക് ആധാറെടുക്കാൻ കഴിയില്ല.


LEAVE A REPLY

Please enter your comment!
Please enter your name here