ഹേഗ്: തന്റെ ഇന്ത്യാസന്ദർശനത്തെ വലിയപ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് നെതർലൻഡ്സ് രാജാവ് വിലെം അലക്സാൻഡർ.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഇത് പുതിയ അധ്യായം തുറക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. നെതർലൻഡ്സിലെ ഇന്ത്യൻ സ്ഥാനപതി വേണു രാജാമണിയുടെ പുതിയ കൃതി ‘ഇന്ത്യ ആൻഡ് നെതർലൻഡ്സ്: പാസ്റ്റ്, പ്രസന്റ്, ഫ്യൂച്ചർ’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു വിലെം രാജാവ്. നെതർലൻഡ്സിലെ റോയൽ ഏഷ്യൻ ആർട്ട് സൊസൈറ്റിയും ഇന്ത്യൻ സ്ഥാനപതി കാര്യാലയവും സംഘടിപ്പിച്ച പരിപാടിയിലാണ് പ്രകാശനം നടന്നത്. ഈ മാസം 14-ന് രാജദമ്പതിമാരായ വിലെമും മാക്സിമയും ഇന്ത്യ സന്ദർശിച്ചേക്കും.

നെതർലൻഡ്സിനെ സംബന്ധിച്ച് ഇന്ത്യ പ്രധാനരാജ്യമാണെന്ന് വിലെം രാജാവ് പറഞ്ഞു. ഇന്ത്യൻ സ്ഥാനപതിയുടെ കൃതി ഹേഗിനെ സംബന്ധിച്ച് ഏറെ സവിശേഷമാണ്. ഇരുരാജ്യങ്ങളുടെയും പൊതുചരിത്രത്തിൽനിന്ന് ഒട്ടേറെക്കാര്യങ്ങൾ കണ്ടെത്തിയതിന് വേണു രാജാമണിയോട് കൃതജ്ഞതയുണ്ട്- രാജാവ് പറഞ്ഞു. ഇന്ത്യയും നെതർലൻഡ്സും തമ്മിലുള്ള ശക്തമായ സാമ്പത്തികബന്ധവും സംസ്കാരം, കായികം, യോഗ തുടങ്ങിയ മേഖലകളിലെ സഹകരണവും വിവരിക്കുന്ന പുസ്തകത്തിൽ നെതർലൻഡ്സിൽ ഇന്ത്യയ്ക്കുള്ള തന്ത്രപ്രധാനമായ സ്ഥാനവും ഊന്നിപ്പറയുന്നു. ഇരുരാജ്യങ്ങളും തമ്മിൽ നൂറ്റാണ്ടുകളായി തുടരുന്ന ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങളും പുസ്തകത്തിലുണ്ട്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം പ്രമേയമായ സെമിനാറിലും വിലെം- മാക്സിമ രാജദമ്പതിമാർ പങ്കെടുത്തു. ആംസ്റ്റർഡാമിലെ ദേശീയ മ്യൂസിയമായ റൈക്സ്മ്യൂസിയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ ഇന്ത്യൻ പ്രതിനിധിസംഘവുമായി രാജാവ് കൂടിക്കാഴ്ച നടത്തി. രാജാവിന്റെ ഇന്ത്യാസന്ദർശനത്തിന് മുന്നോടിയായാണ് സെമിനാർ നടന്നത്.


LEAVE A REPLY

Please enter your comment!
Please enter your name here