ന്യൂഡല്‍ഹി: നിലവാരമുള്ള കുടിവെള്ളം ഉറപ്പാക്കാനായി രാജ്യവ്യാപകമായി ‘സ്വച്ഛ് പാനി അഭിയാൻ’ തുടങ്ങുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനങ്ങൾ കുടിവെള്ളത്തിന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സ് മാനദണ്ഡമനുസരിച്ചുള്ള നിലവാരം ഉറപ്പാക്കണമെന്നു നിർദേശം നൽകും. ഇതിനായി സംസ്ഥാനങ്ങൾക്കിടയിൽ സമവായമുണ്ടാക്കും.

കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റേതാണു പദ്ധതി. 2024-ഓടെ രാജ്യവ്യാപകമായി എല്ലാവർക്കും കുഴൽവഴി കുടിവെള്ളമെത്തിക്കുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതിന്റെയടിസ്ഥാനത്തിലാണ് ‘പാനി അഭിയാനു’ രൂപം നൽകിയതെന്നും ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാൻ പറഞ്ഞു. ഉപഭോക്താവിന്റെ അവകാശമല്ല, ജനങ്ങളുടെ ജീവിതത്തിന്റെ പ്രശ്നമാണ് ശുദ്ധമായ കുടിവെള്ളമെന്ന് പദ്ധതിയെക്കുറിച്ചു വിശദീകരിച്ചുകൊണ്ട് പാസ്വാൻ പറഞ്ഞു.

പദ്ധതി ഡൽഹിയിൽ തുടങ്ങും. ഇതിന്റെ ഭാഗമായി 11 കേന്ദ്രങ്ങളിൽനിന്ന് സാംപിൾ ശേഖരിച്ചു പരിശോധന നടത്തി. ഇവ നിർദിഷ്ട നിലവാരം പുലർത്തിയില്ലെന്ന് മന്ത്രിക്കൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്ത ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സിന്റെ (ബി.ഐ.എസ്.) ഉദ്യോഗസ്ഥർ പറഞ്ഞു. ഡൽഹിക്കാർക്കു ശുദ്ധജലമെത്തിക്കാനുള്ള ബാധ്യത ഡൽഹി ജലബോർഡിനുണ്ടെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി പ്രശ്നം ചർച്ചചെയ്യാൻ തയ്യാറാണെന്നും മന്ത്രി പാസ്വാൻ പറഞ്ഞു.

ഡൽഹിക്കു പുറമേ മറ്റു സംസ്ഥാന തലസ്ഥാനങ്ങളിൽനിന്ന് കുടിവെളസാമ്പിൾ ശേഖരിക്കാനും നവംബറിനു മുമ്പ് പരിശോധിച്ച് റിപ്പോർട്ടു നൽകാനും മന്ത്രി ബി.ഐ.എസ്. ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.


LEAVE A REPLY

Please enter your comment!
Please enter your name here