മലപ്പുറം: നിലമ്പൂർ കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ട 60 കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകാൻ പദ്ധതി തയ്യാറായതായി പി.വി. അൻവർ എം.എൽ.എ. പത്രസമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട് ആസ്ഥനമായി പ്രവർത്തിക്കുന്ന പീപ്പിൾസ് ഫൗണ്ടേഷനും പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ ’ഇംപെക്‌സും’ ചേർന്നാണ് വീടുകൾ ഒരുക്കുക.

വീടിന് ആവശ്യമായ സ്ഥലം പി.വി. അബ്ദുൽവഹാബ് എം.പി. രക്ഷാധികാരിയും പി.വി. അൻവർ എം.എൽ.എ. ചെയർമാനുമായ റീ ബിൽഡ് നിലമ്പൂർ സർക്കാറുമായി സഹകരിച്ച് കണ്ടെത്തി നൽകും.

ഒരോ കുടുംബത്തിനും 500 ചതുരശ്ര അടി വിസ്തീർണമുള്ള വീടാകും നിർമിക്കുക. ഇതിന് ഏകദേശം നാലുകോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 2.5 കോടി രൂപ പീപ്പിൾസ് ഫൗണ്ടേഷനും 1.5 കോടി രൂപ ’ഇംപെക്‌സ്’ ഗ്രൂപ്പും വഹിക്കും. പീപ്പിൾസ് ഫൗണ്ടേഷനാണ് വീടുകളുടെ നിർമാണച്ചുമതല. ഭൂമി കൈമാറിയാൽ 10 മാസംകൊണ്ട് പദ്ധതി പൂർത്തിയാക്കി വീടുകൾ കൈമാറും.

വീടും ഭൂമിയും നിഷ്ടപ്പെട്ടവർക്കുള്ള സർക്കാർ സഹായത്തിന് പുറമെ പൊതുസഹായമായാണ് വീട് നിർമിച്ച് നൽകുക. പദ്ധതി നടപ്പാകുന്നതോടെ കവളപ്പാറയിലെ മുഴുവൻ കുടുംബങ്ങൾക്കും വീടാകും.

ഉരുൾപൊട്ടലുണ്ടായ മുത്തപ്പൻ കുന്നിന്റെ താഴ്‌വര വാസയോഗ്യമാണോയെന്ന് ജിയോളജിവകുപ്പ് പരിശോധന നടത്തിയിട്ടുണ്ട്. വാസയോഗ്യമല്ലെന്ന റിപ്പോർട്ട് ലഭിച്ചാൽ ഇവിടെ താമസിക്കുന്നവരെക്കൂടി മാറ്റിപ്പാർപ്പിക്കാനുള്ള നടപടിയെടുക്കും.


LEAVE A REPLY

Please enter your comment!
Please enter your name here