കല്‍പ്പറ്റ :ഗാന്ധിജയന്തി ദിനത്തില്‍ ‘ഹരിത നിയമ നിവേദനവുമായി’ മുണ്ടേരി ജി.വി.എച്ച്.എസ്.എസിലെ എസ്.പി.സി കേഡറ്റുകള്‍. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ അരുത്,വലിച്ചെറിയരുത്,കത്തിക്കരുത് എന്ന സന്ദേശവുമായി നടത്തി വരുന്ന ഹരിത നിയമ ബോധവല്‍ക്കരണ ക്യാമ്പയിന്റെ ഭാഗമായാണ് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ജില്ലാ ഓഫീസര്‍, കല്‍പ്പറ്റ ഡി.വൈ.എസ്.പി, കല്‍പ്പറ്റ നഗരസഭ അധ്യക്ഷന്‍, സെക്രട്ടറി എന്നിവര്‍ക്ക് നിവേദനം കൈമാറിയത്. അനുദിനം വര്‍ദ്ധിച്ചു വരുന്ന മലിനീകരണ പ്രശ്‌നങ്ങളില്‍ തങ്ങള്‍ കുട്ടികള്‍ ബോധവാന്‍മാര്‍ ആണെന്നും എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വമാണ്   എന്ന ബോധ്യത്തോടെ പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുവെന്നും നിവേദനത്തില്‍ പറയുന്നു. ജൈവ അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയമായ സംസ്‌കരണം,പൊതു ജലാശയങ്ങള്‍ മലിനപ്പെടുത്താതിരിക്കുക,പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യാതിരിക്കുക തുടങ്ങിയ ബോധവല്‍ക്കരണ പരിപാടികളോടൊപ്പം മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും അവ ലംഘിച്ചാല്‍ ലഭിക്കാവുന്ന ശിക്ഷകളും കൂടി പൊതു സമൂഹത്തിലേക്ക് എത്തിക്കുക എന്നതാണ് ഹരിതനിയമ ബോധവല്‍ക്കരണ ക്യാമ്പയിന്റെ  ലക്ഷ്യം.

     ഡി.വൈ.എസ്.പി ടി.പി ജേക്കബ്, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ എം.എ ഷിജു, കല്‍പ്പറ്റ നഗരസഭ അധ്യക്ഷ സനിതാ ജഗദീഷ്,സെക്രട്ടറി പി.ടി ദേവദാസ് എന്നിവരുമായി ശുചിത്വ മാലിന്യ സംസ്‌കരണത്തെക്കുറിച്ചും നിയമ ലംഘനങ്ങള്‍ക്ക് ഓരോ വകുപ്പിന്റെയും കീഴിലുള്ള നിയമ നടപടികളെകുറിച്ചും കേഡറ്റുകള്‍ ആശയ വിനിമയം നടത്തി


LEAVE A REPLY

Please enter your comment!
Please enter your name here