ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസില്‍ കലഹം രൂക്ഷമാകുന്നു. കോണ്‍ഗ്രസ് മഹാരാഷ്ട്ര ഘടകവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പാര്‍ട്ടിക്കായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനില്ലെന്ന്‌ മുതിര്‍ന്ന നേതാവ് സഞ്ജയ് നിരുപം വ്യക്തമാക്കി.

താന്‍ നിര്‍ദേശിച്ച വ്യക്തിക്ക്‌ സീറ്റ് നിഷേധിച്ച മുംബൈ കോണ്‍ഗ്രസ് ഘടകത്തിന്റെ തീരുമാനമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് പിന്‍മാറാന്‍ സഞ്ജയ് നിരുപത്തെ പ്രേരിപ്പിച്ചത്. കോണ്‍ഗ്രസ് മുംബൈ ഘടകത്തിന്റെ മുന്‍ അധ്യക്ഷന്‍ കൂടിയായ സഞ്ജയ് നിരുപം മുന്‍ രാജ്യസഭ അംഗം കൂടിയാണ്.

പാര്‍ട്ടിക്ക് ഇനി തന്റെ സേവമനം ആവശ്യമില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്ന് സഞ്ജയ് പ്രതികരിച്ചു. തിരഞ്ഞെടുപ്പില്‍ കേവലം ഒരു പേര് മാത്രമാണ് താന്‍ പാര്‍ട്ടിയോട് നിര്‍ദേശിച്ചത്. അത് പോലും പരിഗണിച്ചില്ല എന്നത് വേദനാജനകമാണ്. അതിനാല്‍ താന്‍ തിരഞ്ഞടുപ്പ് പ്രചാരണത്തില്‍ പങ്കാളിയാവില്ല. ഇത് തന്റെ അവസാന തീരുമാനമാണ്.

എന്നാല്‍ ആരെയാണ് താന്‍ നിര്‍ദേശിച്ചതെന്ന് പറയാന്‍ സഞ്ജയ് നിരുപം തയ്യാറായില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിട്ടില്ലാത്ത സാഹചര്യചത്തില്‍ സഞ്ജയ് നിരുപത്തിന്റെ നീക്കം ഒരു സമ്മര്‍ദ്ദ തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്. പാര്‍ട്ടിയോട് വിടപറയാനുള്ള ദിവസം എത്തിയിട്ടില്ലെന്ന് സഞ്ജയ് ട്വീറ്റ് ചെയ്തു. എന്നാല്‍ നേതൃത്വത്തിന്റെ ഇപ്പോഴത്തെ നിലപാട് തുടര്‍ന്നാല്‍ ആ ദിവസം അകലെയാകില്ലെന്നും അദ്ദേഹം താക്കീത് നല്‍കി.

കഴിഞ്ഞ മാസം സിനിമ താരം കൂടിയായ കോണ്‍ഗ്രസ് നേതാവ് ഊര്‍മിള മതോണ്ട്കര്‍ പാര്‍ട്ടി വിട്ടിരുന്നു. രാജി വെച്ചുകൊണ്ട് പാര്‍ട്ടി പി.സി.സി പ്രസിഡന്റിന് എഴുതിയ കത്തില്‍ സഞ്ജയ് നിരുപത്തിനും അനുയായികള്‍ക്കുമെതിരെ ഊര്‍മിള ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സഞ്ജയ്‌ക്കെതിരെ പാര്‍ട്ടിയില്‍ ശബ്ദം ഉയരുകയും ചെയ്തിരുന്നു.


LEAVE A REPLY

Please enter your comment!
Please enter your name here