മുംബൈ ∙ ശിവസേനയ്ക്ക് 124 സീറ്റ് മാത്രം നൽകിയും പ്രധാനമന്ത്രിയെ തന്നെ എത്തിച്ചും പ്രചാരണം കൊഴുപ്പിക്കാൻ മഹാരാഷ്ട്രയിൽ ബിജെപി നീക്കം. ആദിത്യ താക്കറെ അടക്കം ശിവസേന സ്ഥാനാർഥികൾ പ്രചാരണത്തിന് ഇറങ്ങിയിരിക്കെ സഖ്യത്തിൽ‌ ഇനിയൊരു തർക്കത്തിനു സാധ്യതയില്ല. ചെറുകക്ഷികൾക്ക് 18 സീറ്റുകൾ മാറ്റിവച്ചെങ്കിലും അവരെയും താമര ചിഹ്നത്തിൽ മൽസരിപ്പിക്കാനാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പദ്ധതി. കേവലഭൂരിപക്ഷത്തിനു വേണ്ട 145 സീറ്റ് ഒറ്റയ്ക്കു സംഘടിപ്പിക്കുകയാണു ബിജെപിയുടെ ലക്ഷ്യം. 

പ്രചാരണത്തിന്റെ ഭാഗമായി 10 സമ്മേളനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കും. പതിനഞ്ചോളം റാലികളിൽ പാർട്ടി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ അമിത് ഷായെ പങ്കെടുപ്പിക്കാനും ബിജെപി നേതൃത്വം ശ്രമിക്കുന്നു.

കഴിഞ്ഞ ദിവസം കോൺഗ്രസിൽ നിന്നു രാജിവച്ച കൊങ്കണിലെ കങ്കാവ്‌ലി എംഎൽഎ നിതേഷ് റാണെ ബിജെപി സ്ഥാനാർഥിയായി മൽസരിക്കുമെന്നു മുൻ മുഖ്യമന്ത്രിയും എൻഡിഎയുടെ സഖ്യകക്ഷിയായ മഹാരാഷ്ട്ര സ്വാഭിമാൻ പാർട്ടി നേതാവുമായ നാരായൺ റാണെ അറിയിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് കെട്ടിടത്തിൽ വിഷം കഴിച്ചു ജീവനൊടുക്കിയ കർഷകന്റെ മകനു സീറ്റ് നൽകി മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) രംഗത്തെത്തി.


LEAVE A REPLY

Please enter your comment!
Please enter your name here