തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ അടിയന്തരമായി കൈമാറാന്‍ സര്‍ക്കാര്‍ നിര്‍ദേശം. കഴിഞ്ഞ 5 വര്‍ഷക്കാലം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നടത്തിയിട്ടുള്ള അഴിമതി, ക്രമക്കേടുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ അടിയന്തരമായും തുടര്‍ന്നുള്ള വിവരങ്ങള്‍ കൃത്യമായ ഇടവേളകളിലും റിപ്പോര്‍ട്ട് ചെയ്യണമെന്ന് വകുപ്പ് ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കി. 

2015 ല്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഉദ്യോഗസ്ഥര്‍ മുഖവിലയ്‌ക്കെടുത്തിരുന്നില്ല. അടുത്തകാലത്ത് ഇതു ശ്രദ്ധയില്‍പെട്ടപ്പോഴാണ് കഴിഞ്ഞമാസം 26ന് പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. അഴിമതിയുമായി ബന്ധപ്പെട്ട പരാതി, അതിന്മേല്‍ സ്വീകരിച്ച നടപടി, കോടതി കേസുകള്‍ എന്നിവ പ്രത്യേകം തയ്യാറാക്കിയ പ്രഫോമയില്‍ ക്രോഡീകരിച്ച് പഞ്ചായത്ത് സെക്രട്ടറിമാര്‍ വകുപ്പ് മേധാവികള്‍ക്ക് നല്‍കണം. 

വകുപ്പു മേധാവികള്‍ ഇവ കാലതാമസം കൂടാതെ സര്‍ക്കാരിനും എജിക്കും കൈമാറണം. മേലില്‍ എല്ലാവര്‍ഷവും ജൂലായ്, നവംബര്‍, മാര്‍ച്ച് മാസങ്ങളില്‍ 10ാം തീയതിക്കകം വകുപ്പ് മേധാവികള്‍ക്കും അവിടെ നിന്ന് അതേമാസം 20നകം സര്‍ക്കാരിലേക്കും റിപ്പോര്‍ട്ട് നല്‍കണം. നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നു എന്ന് എല്ലാ പഞ്ചായത്ത് സെക്രട്ടറിമാരും വകുപ്പ് മേധാവിമാരും ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറല്‍ വ്യക്തമാക്കിയിട്ടുണ്ട്. 


LEAVE A REPLY

Please enter your comment!
Please enter your name here