ദോഹ: മലയാളിക്കരുത്തില്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 4-400 മിക്‌സഡ് റിലേ ഫൈനലിനിറങ്ങിയ ഇന്ത്യയ്ക്ക് നിരാശ. ഞായറാഴ്ച രാത്രി നടന്ന ഫൈനലില്‍ മലയാളികളായ മുഹമ്മദ് അനസ്, വികെ വിസ്മയ, ജിസ്‌ന മാത്യു, നോഹ നിര്‍മല്‍ ടോം എന്നവരടങ്ങിയ ഇന്ത്യന്‍ ടീം മികച്ച സമയം കുറിച്ചെങ്കിലും ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 

മൂന്ന് മിനിറ്റ് 15.77 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഇന്ത്യ സീസണിലെ മികച്ച സമയം കുറിച്ചു. ഇന്ത്യ നേരത്തെ തന്നെ ഒളിമ്പിക്‌സ് യോഗ്യത നേടിയിരുന്നു. ശനിയാഴ്ച പ്രാഥമിക ഘട്ടത്തില്‍ മൂന്ന് മിനിറ്റ് 16.14 സെക്കന്‍ഡിലാണ് മലയാളി സംഘം ഓട്ടം പൂര്‍ത്തിയാക്കിയത്. ബ്രസീല്‍ ഇന്ത്യയ്ക്ക് പിന്നിലായി ഫിനിഷ് ചെയ്തു. 

മൂന്ന് മിനിറ്റ് 09.34 സെക്കന്‍ഡില്‍ ലോക റെക്കോര്‍ഡ് സമയത്തോടെ അമേരിക്കയ്ക്കാണ് സ്വര്‍ണം. ജമൈക്ക വെള്ളിയും (3:11.78) ബഹ്‌റൈന്‍ (3:11.82) വെങ്കലവും നേടി.

മുഹമ്മദ് അനസ്, വിസ്മയ, ജിസ്‌ന മാത്യു, നോഹ നിര്‍മല്‍ ടോം എന്നീ ക്രമത്തിലാണ് ഇന്ത്യ ഓടിയത്. എട്ടാമത്തെ ട്രാക്കില്‍ ഓടിയ അനസ് ഓട്ടം അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ മുന്‍നിരയിലായിരുന്നു. എന്നാല്‍ രണ്ടാം ലാപ്പില്‍ വിസ്മയ ഓട്ടം അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ പിറകിലായി. മൂന്നാമത് ബാറ്റണ്‍ സ്വീകരിച്ച ജിസ്‌നയ്ക്കും സ്ഥാനം മെച്ചപ്പെടുത്താനായില്ല. ദോഹ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ ഇന്ത്യയുടെ മികച്ച പ്രകടനമാണിത്.
 


LEAVE A REPLY

Please enter your comment!
Please enter your name here