മൊഹാലി: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി 20 ഇന്ന് മൊഹാലിയില്‍ നടക്കും. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ച സാഹചര്യത്തില്‍ ആശങ്കയിലാണ് ഇരുടീമുകളും. ചൊവ്വാഴ്ച മൊഹാലിയില്‍ തെളിഞ്ഞ കാലാവസ്ഥ ആയിരുന്നതിനാല്‍ രണ്ടാം ട്വന്റി 20 തടസ്സംകൂടാതെ നടക്കുമെന്ന പ്രതീക്ഷയിലാണെല്ലാവരും.

വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ ഒരു കളിപോലും തോല്‍ക്കാത്ത ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയും വലിയ വെല്ലുവിളിയല്ല. അടുത്തവര്‍ഷം നടക്കേണ്ട ട്വന്റി 20 ലോകകപ്പ് മുന്നില്‍ക്കണ്ട് പുതിയ ടീമിനെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് ഇരുടീമുകളും.

ലോകകപ്പിനുശേഷം ദക്ഷിണാഫ്രിയുടെ ടീം മാനേജ്‌മെന്റ് അടിമുടി ഉടച്ചുവാര്‍ത്തിട്ടുണ്ട്. ടീം ഡയറക്ടറായി എനോക്ക് എന്‍ക്വെ വന്നു. ക്വിന്റണ്‍ ഡി കോക്ക് നയിക്കുന്ന ടീമില്‍ ഒരുസംഘം യുവതാരങ്ങളുമുണ്ട്. ഡേവിഡ് മില്ലര്‍, ആന്‍ഡില്‍ പെഹ്ലുക്വായോ, കാഗിസോ റബാഡ തുടങ്ങിയ പരിചയസമ്പന്നരുമുണ്ട്. റബാഡ നയിക്കുന്ന പേസ് ബൗളിങ്ങാണ് പ്രധാനശക്തി.
കാലാവധി നീട്ടിക്കിട്ടിയ ഇന്ത്യന്‍ പരിശീലകസംഘത്തിന് ആദ്യദൗത്യമാണിത്. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ ഫോമില്ലായ്മ ഇന്ത്യ സൂക്ഷ്മമായി നോക്കുന്നു. അലക്ഷ്യമായി കളിച്ച് പുറത്തായാല്‍ പന്ത് മറുപടി പറയേണ്ടിവരുമെന്ന് കഴിഞ്ഞദിവസം കോച്ച് രവിശാസ്ത്രി പരസ്യമായി പറഞ്ഞിരുന്നു.

വെസ്റ്റിന്‍ഡീസിനെതിരേ ഏകദിനത്തില്‍ തിളങ്ങിയ ശ്രേയസ്സ് അയ്യര്‍ ട്വന്റി 20-യിലും അവസരം പ്രതീക്ഷിക്കുന്നുണ്ട്. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഇടവേളയ്ക്കുശേഷം തിരിച്ചെത്തും. നായകന്‍ വിരാട് കോലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍ എന്നിവരടങ്ങിയ ബാറ്റിങ് നിര അതിശക്തമാണ്. സ്പിന്‍ വിഭാഗത്തില്‍ കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ക്ക് പകരമായി ഇടംനേടിയ രാഹുല്‍ ചഹാറിനും വാഷിങ്ടണ്‍ സുന്ദറിനും മാറ്ററിയിക്കേണ്ടതുണ്ട്.


LEAVE A REPLY

Please enter your comment!
Please enter your name here