മിലാന്‍: ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇനി ആഘോഷത്തിന്റെ രാവുകള്‍. യൂറോപ്പിലെ ഫുട്ബോള്‍ മാമാങ്കമായ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന് ഇന്ന് തുടക്കം.

നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂള്‍, വമ്പന്‍മാരായ ബാഴ്‌സലോണ, ബൊറൂസ്സിയ ഡോര്‍ട്ട്മുണ്‍ഡ്, ചെല്‍സി, ഇന്റര്‍മിലാന്‍ ടീമുകള്‍ ആദ്യദിനം കളത്തിലിറങ്ങും. ലിവര്‍പൂളിന് നാപ്പോളിയും ചെല്‍സിക്ക് വലന്‍സിയയുമാണ് എതിരാളി. ബൊറൂസ്സിയയും ബാഴ്‌സലോണയും തമ്മിലാണ് ആദ്യദിനത്തെ ഗ്ലാമര്‍ പോരാട്ടം. ഇന്റര്‍ മിലാന്‍ സ്ലാവിയ പ്രാഗിനെ നേരിടുമ്പോള്‍ ഫ്രഞ്ച് ക്ലബ്ബ് ലിയോണിന് സെനിതാണ് എതിരാളി. അയാക്‌സ് ലീലിനെ നേരിടുമ്പോള്‍ പോര്‍ച്ചുഗീസ് ക്ലബ്ബ് ബെന്‍ഫിക്ക ലെയ്പ്‌സീഗുമായി ഏറ്റുമുട്ടും.

ബൊറൂസ്സിയ – ബാഴ്‌സലോണ

ചാമ്പ്യന്‍സ് ലീഗ് സീസണിലെ മരണഗ്രൂപ്പെന്ന് വിശേഷിപ്പിക്കപ്പെടുന്ന എഫില്‍ ബൊറൂസ്സിയയും ബാഴ്‌സലോണയും ഇന്ന് മുഖാമുഖം വരുന്നു. ബൊറൂസ്സിയയുടെ ഗ്രൗണ്ടിലാണ് പോരാട്ടം. ആഭ്യന്തര ലീഗുകളില്‍ ഇരുടീമുകള്‍ക്കും മോശമല്ലാത്ത തുടക്കം ലഭിച്ചിട്ടുണ്ട്. സീസണിലെ ആദ്യ നാലു മത്സരങ്ങളില്‍ മൂന്നിലും ജയിക്കാന്‍ ബൊറൂസ്സിയയ്ക്കായി. അവസാന മത്സരത്തില്‍ ബയേര്‍ ലേവര്‍ക്യൂസനെ (4-0) തോല്‍പ്പിച്ചു.

താരങ്ങളെല്ലാം മികച്ച ഫോമിലാണെന്നത് ബൊറൂസ്സിയയ്ക്ക് ആശ്വാസം പകരുന്നു. മാര്‍ക്കോ റൂയിസ്, പാകോ അല്‍കാസര്‍ എന്നിവരിലാണ് ജര്‍മന്‍ ടീമിന്റെ പ്രതീക്ഷ. ഇരുവര്‍ക്കും പുറമേ യുവതാരം ജാഡന്‍ സാഞ്ചോയും മിന്നുന്നഫോമിലാണ്.

സ്പാനിഷ് ലീഗില്‍ അഞ്ചാം സ്ഥാനത്താണ് ബാഴ്‌സലോണ. വലന്‍സിയയെ (5-2) തോല്‍പ്പിച്ചാണ് കാറ്റലന്‍ ക്ലബ്ബ് കളിക്കാനെത്തുന്നത്. പരിക്കിന്റെ പിടിയിലായിരുന്ന ലയണല്‍ മെസ്സി തിരിച്ചെത്തിയേക്കും. ഒസ്മാനെ ഡെംബെലെ, സാമുവല്‍ ഉംറ്റിറ്റി എന്നിവര്‍ പരിക്കിന്റെ പിടിയിലാണ്. ലൂയി സുവാരസ്, അന്റോയിന്‍ ഗ്രീസ്മാന്‍ എന്നിവരാകും ബാഴ്‌സലോണയുടെ മുന്‍നിരയില്‍. ഇന്റര്‍ മിലാനും സ്ലാവിയ പ്രാഗുമാണ് ഗ്രൂപ്പിലെ മറ്റുടീമുകള്‍.

ലിവര്‍പൂള്‍ – നാപ്പോളി

ഇ ഗ്രൂപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിന് ഇറ്റാലിയന്‍ ശക്തി നാപ്പോളിയാണ് എതിരാളി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അഞ്ചില്‍ അഞ്ചുമത്സരവും ജയിച്ച് ഒന്നാം സ്ഥാനത്താണ് ലിവര്‍പൂള്‍. അവസാനകളിയില്‍ ന്യൂകാസില്‍ യുണൈറ്റഡിനെ തോല്‍പ്പിക്കാന്‍ ചെമ്പടയ്ക്കായി. മികച്ചഫോമിലുള്ള സാദിയോ മാനെ, മുഹമ്മദ് സല, റോബര്‍ട്ടോ ഫിര്‍മിനോ, വിര്‍ജില്‍ വാന്‍ഡെയ്ക്ക് എന്നിവരിലാണ് ലിവര്‍പൂളിന്റെ പ്രതീക്ഷ.

മറുഭാഗത്ത് നാപ്പോളി സീരി എ-യില്‍ മൂന്നില്‍ രണ്ടു മത്സരം ജയിച്ചു. യുവന്റസിനോട് തോറ്റു. ഇന്‍സെയ്ന്‍ ലോറന്‍സോ, ഡ്രെയ്‌സ് മെര്‍ട്ടെന്‍സ് എന്നിവര്‍ സമീപകാലത്ത് നാപ്പോളിക്കായി മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്.

ക്ലബ്ബ് ഫുട്‌ബോളിലെ മികച്ച പരിശീലകരെന്ന് വിശേഷണമുള്ള യര്‍ഗന്‍ ക്ലോപ്പും കാര്‍ലോ ആഞ്ചലോട്ടിയും മുഖാമുഖം വരുന്നുവെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.


LEAVE A REPLY

Please enter your comment!
Please enter your name here