തിരുവനന്തപുരം: ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യയുടെ ആഗോള സാധ്യതകള്‍ പൊതു സമൂഹത്തിന് പ്രയോജനപ്പെടുത്തുന്നതിന് ഐഐഐടിഎം-കെയുടെ കീഴിലുള്ള കേരള ബ്ലോക്‌ചെയിന്‍ അക്കാദമി കേരള സ്റ്റാര്‍ട്ടപ് മിഷനുമായി ചേര്‍ന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കേരള ബ്ലോക്‌ചെയിന്‍ ഇന്നൊവേഷന്‍ ക്ലബ്ബുകള്‍ (കെബിഎഐസി) ആരംഭിക്കുന്നു. ക്ലബ്ബുകള്‍ക്ക് രാജ്യാന്തര പ്രാധാന്യം കൈവരുന്ന തരത്തില്‍ കെബിഎഐസി സൈപ്രസിലെ നിക്കോഷ്യ സര്‍വകലാശാല, സൈപ്രസിലെതന്നെ ബ്ലോക്‌ചെയിന്‍ സ്റ്റാര്‍ട്ടപ്പായ ബ്ലോക്.കോ എന്നിവയുമായി സഹകരിച്ച് ഡിസെന്‍ട്രലൈസ്ഡ് എന്ന ആഗോള ബ്ലോക്‌ചെയിന്‍ വിദ്യാര്‍ഥി ശൃംഖലയുടെ ഇന്ത്യ ചാപ്റ്റര്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. കെബിഎഐസി-ഡിസെന്‍ട്രലൈസ്ഡ് എന്ന പേരിലുള്ള ഈ ചാപ്റ്ററിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബ്ലോക്‌ചെയിന്‍ വിദഗ്ധരുമായി സഹകരിക്കാന്‍ കഴിയും. നിക്കോഷ്യ സര്‍വകലാശാലയാണ് ഡിസെന്‍ട്രലൈസ്ഡ് ചാപ്റ്ററുകള്‍ ആഗോള വ്യാപകമായി ഏകോപിപ്പിക്കുന്നത്.

കെബിഎഐസി-ഡിസെന്‍ട്രലൈസ്ഡ് ഇന്ത്യ ചാപ്റ്ററിന്റെ ഉദ്ഘാടനം ടെക്‌നോപാര്‍ക്കിലെ സി-ഡാക്ക് ഓഡിറ്റോറിയത്തില്‍ സെപ്തംബര്‍ ആറിന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ഉദ്ഘാടനം ചെയ്യും. മദ്രാസ് ഐഐടി പ്രൊഫസര്‍ ഡോ. ചന്ദ്രശേഖരന്‍ പാണ്ഡുരംഗന്‍ മുഖ്യപ്രഭാഷണം നടത്തും. കെഎസ് യുഎം സിഇഒ ഡോ. സജി ഗോപിനാഥ്, ഐഐഐടിഎം-കെയിലെ കെബിഎ പ്രൊഫസര്‍ ഇന്‍ ചാര്‍ജ് ഡോ. അഷ്‌റഫ് എസ് എന്നിവരും പങ്കെടുക്കും. നിക്കോഷ്യ യൂണിവേഴ്‌സിറ്റി സിഇഒ അന്റോണിസ് പോളിമിറ്റിസ്, നിക്കോഷ്യ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ബിസിനസ് അസോസിയേറ്റ് ഡീനും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ ഫ്യൂച്ചര്‍ ഡയറക്ടറുമായ പ്രൊഫ. മറീനോസ് തെമിസ്‌തോക്ലിയോസ്, ബ്ലോക്.കൊ സിഇഒ അലെക്‌സിസ് നിക്കോളോ എന്നിവര്‍ ഓണ്‍ലൈനായും പരിപാടിയില്‍ ചേരും.

ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യയില്‍ ഏഷ്യയിലെ കേന്ദ്രീകൃത ശക്തിയായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കെബിഎയുടെ സംരംഭങ്ങള്‍ക്ക് മേഖലയിലെ പ്രമുഖ സര്‍വ്വകലാശാലയുമായുള്ള സഹകരണം കരുത്തേകും. കേരള സ്റ്റാര്‍ട്ടപ് മിഷനുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കും രാജ്യത്തെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ തേടുന്നതിനും വിദഗ്ധരുമായി പ്രവര്‍ത്തിക്കുന്നതിനും വിവിധ പദ്ധതികളില്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനും അവസരം നല്‍കുന്നതിനാണ് കെബിഎഐസി മുന്‍തൂക്കം നല്‍കുന്നത്. കെബിഎഐസി അംഗത്വം സൗജന്യമാണ്. അംഗങ്ങളായ സ്ഥാപനങ്ങളില്‍ ശില്‍പശാല, സെമിനാര്‍, ഫാക്കല്‍റ്റി വികസന പരി പാടികള്‍, ഹാക്കത്തോണുകള്‍, ഇന്റേണ്‍ഷിപ്പുകള്‍ എന്നിവ നടത്തും.


LEAVE A REPLY

Please enter your comment!
Please enter your name here