തൃശൂര്‍ : കേരളത്തിലെ സംരംഭകര്‍ക്ക് ബിസിനസ് ലാഭകരമാക്കുന്നതിനും പരാജയപ്പെട്ട സംരംഭകര്‍ക്ക് വിജയസാധ്യതയുള്ള പുതിയ സംരംഭങ്ങള്‍ കണ്ടെത്തുന്നതും ലക്ഷ്യമിട്ട് നടത്തുന്ന സംരംഭക സംഗമത്തിന്റെ ആദ്യപരിപാടി സെപ്തംബര്‍ ഏഴിന് തൃശൂര്‍ ടൗണ്‍ഹാളില്‍ നടക്കും. മധ്യകേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള സംരംഭകര്‍ക്കു വേണ്ടിയാണ് പ്രദര്‍ശനവും ഓര്‍ഡര്‍ കോണ്‍ഫറന്‍സും സംഘടിപ്പിച്ചിട്ടുള്ളതെന്ന് സംഘാടകര്‍ അറിയിച്ചു. തൃശൂര്‍ ആസ്ഥാനമായ സ്മാര്‍ട്ട് ഗ്രോ സൊലൂഷന്‍സും വയനാട് ആസ്ഥാനമായ മീഡിയ വിംഗ്സും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംരംഭക സംഗമത്തിന്റെ രണ്ടാം എഡിഷന്‍ ഒക്ടോബറില്‍ കോഴിക്കോടും മൂന്നാം ഭാഗം നവംബറില്‍ കൊല്ലത്തും നടക്കും. മൂന്നിടങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന സംരംഭകര്‍ക്ക് വേണ്ടിയുള്ള പ്രത്യേക ഏകദിന സംസ്ഥാന സംരംഭക സംഗമവും ബി ടു ബി മീറ്റും ഡിസംബറില്‍ നടക്കും.കേരള സ്റ്റാര്‍ട്ട് അപ് മിഷന്റെയും എം. എസ്.എം.ഇ.യുടെയും സഹകരണത്തോടെ സംരംഭകരുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പരിശീലനം നല്‍കും.

ബിസിനസ് മാനേജ്മെന്റ്, മീഡിയ മാനേജ്മെന്റ്, സോഷ്യല്‍ പ്ലാറ്റ്ഫോം ഉപയോഗം, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് സംവിധാനം, തുടങ്ങിയവ പരിചയപ്പെടുത്തുന്നതിനും വ്യത്യസ്ത സംരംഭകരുമായി സംവാദം നടത്തുന്നതിനും സംരംഭകര്‍ക്കുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളും സഹായങ്ങളും വിശദീകരിക്കുന്നതിനുമായാണ് സംരംഭക സംഗമം സംഘടിപ്പിച്ചിട്ടുള്ളത്. വിദഗ്ധരുടെ ക്ലാസ്സുകളും സംവാദവും ഇതില്‍ ഉള്‍പ്പെടും. സംരംഭകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ഓര്‍ഡര്‍ സ്വീകരിക്കുകയും ചെയ്യാം. ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങിനുള്ള ഉല്‍പന്നങ്ങളുടെ രജിസ്ട്രേഷനും നടക്കും. കേരളത്തിലെ സംരംഭകര്‍ക്കു വേണ്ടി ആരംഭിക്കാനിരിക്കുന്ന മാര്‍ക്കറ്റിംഗ് ഹബുകള്‍ക്ക് മുന്നോടിയായാണ് മൂന്നിടത്ത് സംരംഭക സംഗമങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

മീഡിയ മാനേജ്മെന്റ് ആവശ്യമുള്ള സംരംഭകര്‍ക്ക് സൗജന്യമായും ചുരുങ്ങിയ നിരക്കിലും നടത്തിക്കൊടുക്കും. രജിസ്റ്റര്‍ ചെയ്ത സംരംഭകര്‍ക്ക് സൗജന്യമായി പരിപാടിയില്‍ പങ്കെടുക്കാം. പ്രദര്‍ശനം കാണുന്നതിനുള്ള പ്രവേശനം സൗജന്യമാണ്. ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനും അവസരമുണ്ടായിരിക്കും. തല്‍സമയ വില്‍പ്പന ഉണ്ടായിരിക്കുന്നതല്ല. രജിസ്റ്റര്‍ ചെയ്യാതെ സംരംഭക സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 200 രൂപ ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തൃശൂര്‍ ടൗണ്‍ഹാളില്‍ നടക്കുന്ന ആദ്യപരിപാടി കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഏഴിന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. ടി.എന്‍.പ്രതാപന്‍ എം.പി. മുഖ്യാതിഥിയായിരിക്കും. തിരഞ്ഞെടുക്കപ്പെട്ട മികച്ച സംരംഭകരെ ചടങ്ങില്‍ ആദരിക്കും. മീഡിയ വിംഗ്സ് ചെയര്‍മാന്‍ സി.വി.ഷിബു, സ്മാര്‍ട്ട് ഗ്രോ സി.ഇ.ഒ. വി.എസ്. സജീവ് കുമാര്‍, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് ഇ.ജെ. ജോഫര്‍, കെ.പി.ദീപക് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

സംരംഭകര്‍ക്ക് ഉല്‍പന്നങ്ങള്‍ എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കുന്നതിന് ബന്ധപ്പെടേണ്ട നമ്പരുകള്‍-7012 274958., 9072214016


2 COMMENTS

  1. സംരംഭക സംഗമവും, പ്രദർശനവും ഇന്നത്തെ തൊഴിലില്ലായ്മ പരിഹരിക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here