ബാസല്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധു ചരിത്രം കുറിച്ചു. ഫൈനലില്‍ മൂന്നാം സീഡ് ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് (21-7, 21-7) മറികടന്നാണ് സിന്ധുവിന്റെ നേട്ടം. ഒക്കുഹാരയ്‌ക്കെതിരെ ഏകപക്ഷീയമായ പോരാട്ടമാണ് സിന്ധു കാഴ്ചവെച്ചത്. തുടര്‍ച്ചയായി ഫൈനലില്‍ പരാജയപ്പെടുന്നുവെന്ന പരാതികള്‍ക്കുമാണ് ഇതോടെ അവസാനമായത്.

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടവും ഇതോടെ സിന്ധു സ്വന്തമാക്കി. സിന്ധുവിന്റെ തുടര്‍ച്ചയായ മൂന്നാം ഫൈനലായിരുന്നു ഇന്നത്തേത്. കഴിഞ്ഞ രണ്ടുവര്‍ഷവും ഫൈനലില്‍ തോറ്റിരുന്നു. 2017-ല്‍ നൊസോമി ഒക്കുഹാരയോടും 2018-ല്‍ സ്പെയിനിന്റെ കരോളിന മരിനോടുമായിരുന്നു തോല്‍വി.

2013, 14 വര്‍ഷങ്ങളില്‍ വെങ്കലം നേടിയിരുന്നു. ഫൈനലില്‍ കടന്നതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചു മെഡല്‍ നേടുന്ന ഒരേയൊരു ഇന്ത്യന്‍ താരമെന്ന നേട്ടവും സിന്ധു സ്വന്തമാക്കി.


LEAVE A REPLY

Please enter your comment!
Please enter your name here