തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ പ്രഭാസും അനുഷ്കയും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നുമൊക്കെ ഗോസിപ്പുകള്‍ പതിവാണ്. 

എന്നാല്‍, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കാലങ്ങളായി പ്രചരിക്കുന്ന  ഈ ഗോസിപ്പുകള്‍ക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രഭാസിപ്പോള്‍. 

അനുഷ്കയുമായി താന്‍ പ്രണയത്തിലല്ലെന്നും 11 വര്‍ഷം നീണ്ട സൗഹൃദമാണ് തങ്ങള്‍ക്കിടയിലുള്ളതെന്നുമാണ് പ്രഭാസ് പറയുന്നത്. 

വിവാഹിതരാകാന്‍ താല്പര്യമുണ്ടെങ്കില്‍ അതൊരിക്കലും ഒളിച്ചു വയ്ക്കേണ്ട ആവശ്യമില്ലെന്നും പ്രഭാസ് വ്യക്തമാക്കി. 

തങ്ങളില്‍ ഒരാള്‍ വിവാഹം കഴിച്ചാല്‍ മാത്രമേ ഈ ഗോസിപ്പുകള്‍ അവസാനിക്കൂ എന്ന് പറഞ്ഞ പ്രഭാസ് അടുത്ത തവണ അനുഷ്കയെ കാണുമ്പോള്‍ മറ്റൊരു വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുമെന്നും വ്യക്തമാക്കി. 

വിവാഹ വാര്‍ത്തകള്‍ നേരത്തെയും പ്രഭാസും അനുഷ്കയും തള്ളിയിരുന്നു. തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. 

ബാഹുബലിക്ക് പുറമെ മിര്‍ച്ചി, ബില്ല എന്നീ ചിത്രങ്ങളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

ബാഹുബലിയ്ക്ക് ശേഷം പ്രഭാസ് നായകനാകുന്ന ബിഗ്‌ ബജറ്റ് ചിത്രം ‘സാഹോ’യുടെ പ്രോമോഷനുമായി ബന്ധപ്പെട്ട് സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം വാര്‍ത്തകള്‍ നിഷേധിച്ചത്. 

350 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച സാഹോയില്‍ ബോളിവുഡ് താരം ശ്രദ്ധ കപൂറാണ് നായിക. ചിത്രം ഓഗസ്റ്റ് 30ന് തീയറ്ററുകളിലെത്തും.