നിലമ്പൂര്‍: കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 36 ആയി. ഇന്ന് കണ്ടെത്തിയ മൂന്നു മൃതദേഹങ്ങളില്‍ രണ്ടെണ്ണം കുട്ടികളുടേതാണ്. കിഷോര്‍ (8 വയസ്സ്),ദേവയാനി (82) എന്നിവരെ തിരിച്ചറിഞ്ഞു. ഒരു കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. ഇനി 23 പേരെക്കൂടി ഇനി കവളപ്പാറയില്‍ നിന്ന് കണ്ടെത്താനുണ്ട്.

മഴ മാറി നില്‍ക്കുന്നുണ്ടെങ്കിലും പ്രദേശത്താകമാനം ചെളി നിറഞ്ഞിരിക്കുന്നതിനാല്‍ ഹിറ്റാച്ചികള്‍ താഴ്ന്നുപോകുന്ന സ്ഥിതിയാണുളളത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഭൂമിയുടെ രൂപം മാറിയതിനാല്‍ അപകടത്തില്‍ തകര്‍ന്ന വീടുകള്‍ എവിടെയെന്ന് മാപ്പിങ്ങിലൂടെയാണ് എന്‍ഡിആര്‍ഫ് സംഘം അനുമാനിക്കുന്നത്. ഇതനുസരിച്ചാണ് തെരച്ചില്‍ നടക്കുന്നത്. എന്‍ഡിആര്‍എഫ്, ഫയര്‍ ഫോഴ്സ, സന്നദ്ധ സംഘടനകള്‍ എന്നിവരടങ്ങുന്ന നൂറുകണക്കിന് ആളുകളാണ് തിരച്ചില്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്.

വയനാട് പുത്തുമലയില്‍ ഇനി ഏഴുപേരേക്കൂടി കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചിലും തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ തെരച്ചിലുകളിലൊന്നും ആരേയും ഇവിടെ നിന്ന് കണ്ടെത്താനായിട്ടില്ല. കാണാതായവരുടെ ബന്ധുക്കളുമായി ജില്ലാ ഭരണകൂടം ആശയവിനിമയം നടത്തിയിരുന്നു. തെരച്ചില്‍ തുടരണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. അഞ്ഞൂറിലേറെ ആളുകളാണ് ഇവിടെ തെരച്ചിലില്‍ പങ്കെടുക്കുന്നത്.


LEAVE A REPLY

Please enter your comment!
Please enter your name here