നിലമ്പൂര്‍: ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍നിന്ന് ഇതുവരെ കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍. ഇന്ന് നാലുപേരുടെ മൃതദേഹങ്ങളും ഇന്നലെ മൂന്ന് പേരുടെ മൃതദേഹങ്ങളും കണ്ടെത്തിയിരുന്നു. തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്കിടെ കവളപ്പാറ ഉരുള്‍പൊട്ടല്‍ മേഖലയില്‍ വീണ്ടും ഉരുള്‍ പൊട്ടിയതിനാല്‍ തിരച്ചില്‍ നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. രാവിലെ 10.30 നും ഉച്ചകഴിഞ്ഞ് മൂന്നുമണിക്കും ഉരുള്‍പൊട്ടല്‍ ഉണ്ടായതിനാല്‍ തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ സുരക്ഷയെ കരുതിയാണ് താത്കാലികമായി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. നില്‍ക്കുന്നിടം താഴ്ന്നുപോകുന്ന അവസ്ഥയിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങള്‍.

ആഗ്രഹിക്കുന്ന രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കാത്ത സ്ഥിതിയാണ് ഇവിടെയെന്ന് പി.വി. അന്‍വര്‍ എംഎല്‍എ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേന, സൈന്യം, ഫയര്‍ ഫോഴ്സ്, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി നൂറുകണക്കിന് ആളുകളാണ് ഇവിടെ രക്ഷാപ്രവര്‍ത്തനവും തിരച്ചിലും നടത്തുന്നത്. സൂക്ഷ്മതയോടെയുള്ള രക്ഷാപ്രവര്‍ത്തനമാണ് പ്രദേശത്ത് വേണ്ടതെന്ന് അധികൃതരെത്തി മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം കവളപ്പാറയില്‍ 63 പേരെ കാണാനില്ലെന്ന് നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇവിടെ നിന്ന് മാറണമെന്ന് ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ തങ്ങള്‍ക്ക് ലഭിച്ചിരുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.


LEAVE A REPLY

Please enter your comment!
Please enter your name here