മുത്തങ്ങ: ചരക്കു ലോറി ഇടിച്ചു ഗുരുതരമായി പരിക്കേറ്റ കാട്ടാന ചരിഞ്ഞു. മുത്തങ്ങയിലെ ഉള്‍വനത്തില്‍ വെച്ചാണ് ആന ചരിഞ്ഞത്. ചൊവ്വാഴ്ച രാത്രി ദേശീയ പാതയില്‍വച്ച് ലോറി ഇടിച്ച കാട്ടാനയ്ക്ക് ബുധനാഴ്ച വനംവകുപ്പ് ചികിത്സ നല്‍കിയിരുന്നു. ഗുരുതരമായി പരിക്കേറ്റ കാട്ടാന രക്ഷപ്പെടാന്‍ സാധ്യത കുറവാണെന്ന് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

25 വയസോളം പ്രായം വരുന്ന പിടിയാനയുടെ വലതു തോളെല്ലിനും വാരിയെല്ലിനുംമാണ് ഗുരുതരമായി പരിക്കേറ്റത്. ബുധനാഴ്ച രാവിലെ ആനയെ മയക്കു വെടിവച്ച ശേഷം സാധ്യമായ ചികിത്സകള്‍ നടത്തിയിരുന്നു. അതിനുശേഷം ആന തീറ്റയെടുക്കുന്നതായും നിരീക്ഷണത്തില്‍ വ്യക്തമായിരുന്നു. എന്നാല്‍ പിന്നീട് ആനയുടെ ആരോഗ്യനില വഷളാവുകയും ചരിയുകയുമായിരുന്നു.

ആനയെ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയിരുന്ന വനംവാച്ചര്‍മാരാണ് ഇക്കാര്യം അറിയിച്ചത്. കാട്ടാനക്കൂട്ടം ചുറ്റുമുള്ളതിനാല്‍ ആനയുടെ ജഡത്തിനടുത്തേക്കു പോകാന്‍ വനപാലകര്‍ക്ക് കഴിഞ്ഞിട്ടില്ല. ചൊവ്വാഴ്ച രാത്രി കോഴിക്കോട് മൈസൂര്‍ ദേശീയപാതയിലെ പൊന്‍കുഴിക്കു സമീപത്തു വച്ചാണ് ആനയെ ലോറി ഇടിച്ചത്. ലോറി ഡ്രൈവറെ അപ്പോള്‍ തന്നെ വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു.


LEAVE A REPLY

Please enter your comment!
Please enter your name here