ഓസ്‌ട്രേലിയയ്‌ക്കെതിരെ ആധികാരിക ജയവുമായി ഇംഗ്ലണ്ട് ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ കടന്നു. എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. മത്സരത്തിന്റെ ഒരു ഘട്ടത്തിലും ആതിഥേയര്‍ പതറിയില്ല.
224 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 107 പന്ത് ശേഷിക്കെ വിജയത്തിലെത്തി. 1992-ന് ശേഷം ഇംഗ്ലണ്ടിന്റെ ആദ്യ ഫൈനലാണിത്. കഴിഞ്ഞ ലോകകപ്പില്‍ ഫൈനല്‍ കളിച്ച ന്യൂസീലന്റ്് ഓസ്ട്രേലിയയോട് തോല്‍ക്കുകയായിരുന്നു.

താരതമ്യേനെ ചെറിയ സ്‌കോറിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ജേസണ്‍ റോയിയും ജോണി ബെയര്‍‌സ്റ്റോയും 124 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 43 പന്തില്‍ 34 റണ്‍സെടുത്ത ജോണി ബെയ്‌സ്റ്റോയെ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. ഇതോടെ ഈ കൂട്ടുകെട്ട് അവസാനിച്ചു. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ ജോ റൂട്ടിനെ കൂട്ടുപിടിച്ച് റോയ് ഇന്നിങ്സ് മുന്നോട്ടുനയിച്ചു. സെഞ്ചുറിയിലേക്കായിരുന്നു റോയിയുടെ കുതിപ്പ്. സ്മിത്തിന്റെ ഒരു ഓവറില്‍ ഇംഗ്ലീഷ് ഓപ്പണര്‍ തുടര്‍ച്ചയായ മൂന്ന് സിക്സ് നേടി. എന്നാല്‍ അമ്പയറുടെ തെറ്റായ തീരുമാനത്തില്‍ പുറത്തായി. കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലെക്സ് കാരി പിടിച്ച് പുറത്താകുമ്പോള്‍ റോയ് 65 പന്തില്‍ നിന്ന് 85 റണ്‍സ് അടിച്ചെടുത്തിരുന്നു. പിന്നീട് റൂട്ടും മോര്‍ഗനും ചേര്‍ന്ന് ഇംഗ്ലണ്ടിനെ അനായാസം വിജയത്തിലേക്ക് നയിച്ചു. ഇരുവരും മൂന്നാം വിക്കറ്റില്‍ പുറത്താകാതെ 79 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. റൂട്ട് 46 പന്തില്‍ 49 റണ്‍സെടുത്തപ്പോള്‍ 39 പന്തില്‍ 45 റണ്‍സായിരുന്നു മോര്‍ഗന്റെ സമ്പാദ്യം.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് 49 ഓവറില്‍ 223 റണ്‍സിന് പുറത്തായി. മൂന്നു വിക്കറ്റ് വീഴ്ത്തിയ ആദില്‍ റാഷിദും ക്രിസ് വോക്സും ഓസ്ട്രേലിയയുടെ ബാറ്റിങ് നിരയെ പിടിച്ചുകെട്ടുകയായിരുന്നു. 85 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് ടോപ്പ് സ്‌കോറര്‍.ഓസ്ട്രേലിയയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. 10 റണ്‍സെടുക്കുന്നതിനിടയില്‍ ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും പുറത്തായി. നാല് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പും ക്രീസ് വിട്ടു. ഫിഞ്ച് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. പിന്നാലെ ഡേവിഡ് വാര്‍ണറും ക്രീസ് വിട്ടു. ക്രിസ് വോക്ക്‌സിന്റെ പന്തില്‍ ബെയര്‍‌സ്റ്റോ ക്യാച്ചെടുത്തു. 11 പന്തില്‍ 9 റണ്‍സായിരുന്നു വാര്‍ണറുടെ സമ്പാദ്യം. അടുത്ത ഇര ഹാന്‍ഡ്‌കോമ്പായിരുന്നു. 12 പന്തില്‍ നാല് റണ്‍സെടുത്ത ഹാന്‍ഡ്‌സ്‌കോമ്പ് ക്രിസ് വോക്‌സിന്റെ പന്തില്‍ ബൗള്‍ഡ് ആയി. പിന്നീട് നാലാം വിക്കറ്റില്‍ സ്റ്റീവ് സ്മിത്തും അലെക്‌സ് കാരിയും കര കയറ്റുകയായിരുന്നു. ഇരുവരും 103 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ അലെക്‌സ് കാരിയെ പുറത്താക്കി സ്പിന്നര്‍ ആദില്‍ റാഷിദ് ഈ കൂട്ടുകെട്ട് പൊളിച്ചു. 70 പന്തില്‍ 46 റണ്‍സായിരുന്നു റാഷിദിന്റെ സമ്പാദ്യം. പിന്നാലെ സ്റ്റോയിന്‍സും പുറത്തായി. രണ്ടു പന്ത് നേരിട്ട സ്റ്റോയിന്‍സിനെ അക്കൗണ്ട് തുറക്കും മുമ്പ് റാഷിദ് വിക്കറ്റിന് മുന്നില്‍ കുരുക്കി. ഒരു ഓവറിലായിരുന്നു ആദില്‍ റാഷിദ് ഈ രണ്ടു വിക്കറ്റും വീഴ്ത്തിയത്.

22 റണ്‍സെടുത്ത മാക്സ് വെല്ലിനെ ജോഫ്രെ ആര്‍ച്ചറും തിരിച്ചയച്ചതോടെ ഓസ്ട്രേലിയ ആറു വിക്കറ്റിന് 157 റണ്‍സെന്ന നിലയിലായി. ആറു റണ്‍സായിരുന്നു പാറ്റ് കമ്മിന്‍സിന്റെ സമ്പാദ്യം. 48-ാം ഓവറിലെ ആദ്യ പന്തില്‍ സ്റ്റീവ് സ്മിത്തും പുറത്തായി. 119 പന്തില്‍ 85 റണ്‍സെടുത്ത് ഒറ്റയാള്‍ പോരാട്ടം നടത്തിയാണ് സ്മിത്ത് ക്രീസ് വിട്ടത്. ബട്ലര്‍ റണ്‍ ഔട്ടാക്കുകയായിരുന്നു. 36 പന്തില്‍ 29 റണ്‍സ് അടിച്ച മിച്ചല്‍ സ്റ്റാര്‍ക്കിനെ ക്രിസ് വോക്സും പുറത്താക്കി. 49-ാം ഓവറിലെ അവസാന പന്തില്‍ ബെഹെറെന്‍ഡോഫിനെ മാര്‍ക്ക് വുഡ് ബൗള്‍ഡ് ആക്കിയതോടെ ഓസീസ് ഇന്നിങ്സിന് തിരശ്ശീല വീണു.


LEAVE A REPLY

Please enter your comment!
Please enter your name here