സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് 83 വീടുകള്‍. നിര്‍മ്മാണ ചെലവ് 4.15 കോടി രൂപയാണ് . 84 വീടുകളാണ് പദ്ധതി പ്രകാരം ജില്ലയില്‍ നിര്‍മ്മിച്ച് നല്‍കുന്നത്. ഇതില്‍ 79 വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. മൂന്നു വീടുകള്‍ കൂടി ഉടന്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കും. ശേഷിക്കുന്ന ഒരു വീടിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. സഹകരണ വകുപ്പിന്റെ 3,98,100 രൂപയും സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ടില്‍നിന്നും 1,01,900 രൂപയും ഉള്‍പ്പെടെ ആകെ അഞ്ച് ലക്ഷം രൂപയാണ് ഒരു വീടിനായി ചെലവഴിക്കുന്നത്. സ്‌പോണ്‍സര്‍ സംഘങ്ങളുടെ വിഹിതവും ഗുണഭോക്തൃ വിഹിതവും പല വീടുകളുടെയും നിര്‍മ്മാണത്തിന് വിനിയോഗിച്ചു. ജോയിന്റ് രജിസ്ട്രാറുടെ നിയന്ത്രണത്തില്‍ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, വൈത്തിരി അസിസ്റ്റന്റ് രജിസ്ട്രാര്‍മാരുടെ കീഴില്‍ 34 സഹകരണസംഘങ്ങള്‍ വഴിയായിരുന്നു വീട് നിര്‍മ്മാണം. മാനന്തവാടി താലൂക്കില്‍ 45 ഉം വൈത്തിരിയില്‍ 33 ഉം സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ആറും വീടുകളാണ് നിര്‍മ്മിച്ചു നല്‍കുന്നത്. പദ്ധതി നടത്തിപ്പില്‍ സുതാര്യതയും പങ്കാളിത്തവും ഉറപ്പുവരുത്തുന്നതിന് ഗുണഭോക്താക്കള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെട്ട ഗുണഭോക്തൃസമിതികള്‍ ഓരോ വീടിന്റെയും നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നുണ്ട്. ജില്ലാ കളക്ടര്‍ ചെയര്‍മാനും ജോയിന്റ് രജിസ്ട്രാര്‍ കണ്‍വീനറുമായ ജില്ലാതല നിര്‍വ്വഹണ സമിതിക്കാണ് പദ്ധതി നടത്തിപ്പ് ചുമതല. പ്രാദേശിക സാഹചര്യം, ഭൂമിയുടെ ഘടന, ഭൂമിയുടെ ലഭ്യത, ഗുണഭോക്താവിന്റെ താല്‍പര്യം, സാമ്പത്തികസ്ഥിതി എന്നിവയ്ക്കനുസരിച്ചാണ് ഓരോ വീടിന്റെയും പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിയത്.


LEAVE A REPLY

Please enter your comment!
Please enter your name here