ലൈഫ് മിഷന്‍ പദ്ധതിയില്‍ 2020 ഒക്ടോബറോടെ 85 ഭവന സമുച്ചയങ്ങള്‍ പൂര്‍ത്തിയാകും. ഇതില്‍ ആദ്യത്തേത് ഇടുക്കി അടിമാലിയില്‍ ഗുണഭോക്താക്കള്‍ക്ക് കൈറാമിയിട്ടുണ്ട്. ലൈഫ് മിഷന്‍ മൂന്നാം ഘട്ടത്തില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന 14 ഭവനസമുച്ചയങ്ങള്‍ ഉള്‍പ്പെടെ 70 എണ്ണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ രണ്ട് സുനാമി ഫ്ളാറ്റുകള്‍ക്കും അനുമതിയായി. ഭൂമിയും വീടും ഇല്ലാത്തവര്‍ക്കാണ് ഫ്ളാറ്റുകള്‍ നിര്‍മിച്ചുനല്‍കുന്നത്.
സഹകരണ വകുപ്പിന്റെ കെയര്‍ഹോം പദ്ധതിയിലൂടെ 14 ഭവനസമുച്ചയങ്ങള്‍ നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇവ നിര്‍മിക്കുന്നതിനുള്ള സ്ഥലത്തിന്റെ പരിശോധന നടക്കുകയാണ്. ലൈഫ് മിഷന്‍ ഭവനസമുച്ചയങ്ങളുടെ നിര്‍മാണത്തിനുള്ള പ്രോജക്ട് കണ്‍സള്‍ട്ടന്‍സികളെ തിരഞ്ഞെടുത്തിട്ടുണ്ട്. സാങ്കേതിക കമ്മിറ്റി അടുത്തയാഴ്ച ചേരും. ഇതിനു ശേഷം ടെണ്ടര്‍ നടപടി ആരംഭിക്കുമെന്ന് ലൈഫ് മിഷന്‍ സി. ഇ. ഒ യു. വി. ജോസ് പറഞ്ഞു. ഭവന സമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ ബഡ്ജറ്റില്‍ 355 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പൈലറ്റ് അടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന 14 എണ്ണത്തിന്റേയും കെയര്‍ഹോം പദ്ധതിയിലെ 14ന്റേയും നിര്‍മാണം ഈ സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. 56 ഭവനസമുച്ചയങ്ങളുടെ ടെണ്ടര്‍ നടപടികള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കും.


LEAVE A REPLY

Please enter your comment!
Please enter your name here