ലോകത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ സെലിബ്രിറ്റികളുടെ പട്ടിക പുറത്തുവിട്ട് ഫോബ്‌സ്. 2018 ജൂണ്‍ ഒന്നു മുതല്‍ നികുതി കുറയ്ക്കാതെയുള്ള വരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഫോബ്സ് പട്ടിക തയാറാക്കിയിരിക്കുന്നത്. 

18.5 കോടി ഡോളറുമായി 29-കാരിയും ഗായികയുമായ ടെയിലര്‍ സ്വിഫ്റ്റാണ്  ഒന്നാം സ്ഥാനത്ത്. 17 കോടി ഡോളര്‍ വരുമാനത്തോടെ 2016-ലും താരം ഫോബ്‌സ് പട്ടികയില്‍ ഒന്നാമതെത്തിയിരുന്നു.

17 കോടി ഡോളര്‍ സമ്പാദ്യവുമായി സാമൂഹിക മാധ്യമം, റിയാലിറ്റി ടെലിവിഷന്‍ താര൦ കെയ്ലി ജെന്നര്‍ രണ്ടാം സ്ഥാനത്തെത്തി. സ്വന്തമായി ഏറ്റവുമധികം വരുമാനം നേടിയ സ്ത്രീകളുടെ ഫോബ്‌സ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരിയായിരുന്നു കെയ്ലി ജെന്നര്‍.

12 കോടി ഡോളര്‍ വരുമാനമുള്ള ഗായകന്‍ കന്യെ വെസ്റ്റാണ് മൂന്നാം സ്ഥാനത്ത്. ഫുട്‌ബോള്‍ താരങ്ങളായ ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ എന്നിവര്‍ ആദ്യ പത്തിലുണ്ട്.

ബോളിവുഡ് താരം അക്ഷയ് കുമാറാണ് ഏറ്റവും വരുമാനമുള്ള ഇന്ത്യന്‍ താരം. പട്ടികയില്‍ മുപ്പത്തിമൂന്നാം സ്ഥാനത്താണ് താരം. 65 മില്ല്യന്‍ ഡോളര്‍ അതായത്, 444 കോടി രൂപയാണ് അക്ഷയ് കുമാറിന്‍റെ വരുമാനം.

ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, ഷാരുഖ്‌ ഖാന്‍ എന്നിവര്‍ക്ക് ഇത്തവണ പട്ടികയില്‍ ഇടം നേടാനായില്ല. 2018ല്‍ 37.7  മില്ല്യന്‍ ഡോളര്‍ സമ്പാദ്യവുമായി 82ാം സ്ഥാനത്തായിരുന്നു സല്‍മാന്‍.