മൂവാറ്റുപുഴ: അര്‍ബുദത്തിന്റെ വേദനകളില്‍ ഞെരിഞ്ഞമരുമ്പോഴാണ് ആയവന തൊമ്മംകുടിയില്‍ ഭവാനി(75)യുടെ കൂര പ്രളയമെടുത്തത്. പ്രളയ ഭികരതയില്‍ സര്‍വതും നശിച്ചതോടെ ഉളളതെല്ലാം കെട്ടിപ്പറുക്കി ശൂന്യതയിലേക്കിറങ്ങിയ ഭവാനിയടക്കം ഒമ്പത് കുടുംബങ്ങള്‍ക്കാണ് മൂവാറ്റുപുഴയില്‍ സര്‍ക്കാരിന്റെ കെയര്‍ഹോം പദ്ധതിയിലൂടെ സുരക്ഷിത ഭവനമൊരുക്കിയത്. ഒരു വര്‍ഷം മുമ്പുണ്ടായ പ്രളയത്തില്‍ കാളിയാര്‍ കരകവിഞ്ഞതോടെയാണ് ഭവാനിയുടെ ആകെയുണ്ടായിരുന്ന ചെറ്റക്കൂര വെളളമെടുത്തത്. വെളളമിറങ്ങികഴിഞ്ഞപ്പോള്‍ വീടിരുന്നിടത്ത് അവശിഷ്ടങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അര്‍ബുദരോഗവും പ്രായാധിക്യവും ജിവിതത്തില്‍ വില്ലനായതോടെ അവരെ സംബന്ധിച്ചിടത്തോളം ഭാവി ഇരുളടഞ്ഞതായി. വീടെന്ന സ്വപ്‌നം മറ്റാരും തുണയില്ലാത്ത അവര്‍ക്ക് അപ്രാപ്യവുമായി. ഈ സന്ദര്‍ഭത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ കെയര്‍ഹോം പദ്ധതിയിലൂടെ ഏനാനല്ലൂര്‍ സര്‍വീസ് സഹകരണബാങ്ക് ഇവരുടെ വീട് നിര്‍മ്മാണം ഏറ്റെടുത്തത്. നാല് മാസം കൊണ്ട് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കി ബാങ്ക് പ്രസിഡന്റ് ജീമോന്‍പോളിന്റെ നേതൃത്വത്തില്‍ ഭരണ സമിതിയംഗങ്ങളും ഉദ്യോഗസ്ഥരും ചേര്‍ന്ന് പുതുതായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ഇവര്‍ക്ക് കൈമാറി. ആരും തുണക്കില്ലാതിരുന്ന ഈ വൃദ്ധക്ക് അങ്ങനെയാണ് കെയര്‍ഹോം പദ്ധതി സുരക്ഷയൊരുക്കിയത്. ഇവരടക്കം പ്രളയം എല്ലാം തകര്‍ത്ത ഒമ്പത് കുടുംബങ്ങള്‍ക്കാണ് താലൂക്കിന്റെ വിവിധ ഭാഗങ്ങളിലൂടെ കെയര്‍ഹോം പദ്ധതിയിലൂടെ വീടൊരുക്കിയത്.


LEAVE A REPLY

Please enter your comment!
Please enter your name here