കേരളം ഇ-വാഹനങ്ങളുടെ നാടായി മാറാന്‍ പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന്റെ നീം-ജി ഇലക്ട്രിക് ഓട്ടോറിക്ഷയുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. ഇലക്ട്രിക് വാഹനങ്ങള്‍ നല്ലരീതിയില്‍ സംസ്ഥാനത്ത് അഭിവൃദ്ധിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മാറ്റങ്ങള്‍ സ്വീകരിക്കുന്ന ജനങ്ങളാണ് നമ്മുടെ പ്രത്യേകത. വിപുലമായ രീതിയില്‍ ചാര്‍ജിംഗ് സ്റ്റേഷനുകളും ഉണ്ടാക്കാനാണ് ആലോചിക്കുന്നത്. ഇതിന്റെ തുടക്കമായി സെക്രട്ടേറിയറ്റില്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഓട്ടോകള്‍ മാത്രമല്ല, ഇ-കാറുകളും നമ്മുടെ നിരത്തുകളില്‍ വന്നുതുടങ്ങിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കുള്ള സൈഡ് വീല്‍ സ്‌കൂട്ടറിന്റെ വിതരണോദ്ഘാടനം സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. എം.എല്‍.എമാരായ കെ. ആന്‍സലന്‍, സി.കെ. ഹരീന്ദ്രന്‍, നെയ്യാറ്റിന്‍കര മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡബ്ളിയു.ആര്‍. ഹീബ, ആസൂത്രണബോര്‍ഡ് അംഗം ഡോ. കെ. രവിരാമന്‍, കെ.എ.എല്‍ ഡയറക്ടര്‍ പ്രദീപ് ദിവാകരന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസ്, വികലാംഗക്ഷേ കോര്‍പറേഷന്‍ ചെയര്‍മാന്‍ പരശുവയ്ക്കല്‍ മോഹനന്‍, എം. ശ്രീകണ്ഠന്‍ നായര്‍, ജി. മാഹീന്‍ അബൂബേക്കര്‍, ഡോ. ഗോപകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കേരള ഓട്ടോമൊബൈല്‍സ് എം.ഡി എ. ഷാജഹാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.


LEAVE A REPLY

Please enter your comment!
Please enter your name here