ന്യൂഡല്‍ഹി: തൊഴില്‍നിയമ പരിഷ്‌കരണത്തിന് വേഗത കൂട്ടി 13 കേന്ദ്രനിയമങ്ങള്‍ ലയിപ്പിച്ചുള്ള പുതിയബില്ലിനു കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. ‘തൊഴിലിടങ്ങളിലെ സുരക്ഷ, ആരോഗ്യം, സാഹചര്യം’ (ഒ.എസ്.എച്ച് കോഡ്)ബില്‍’ എന്നാണിതിന്റെ പേര്. നാലു നിയമങ്ങള്‍ ലയിപ്പിച്ചുള്ള പുതിയ വേജ് കോഡ് ബില്ലിനു അനുമതി നല്‍കിയതിനു തുടര്‍ച്ചയായാണിത്.

രണ്ടുബില്ലുകളും നടപ്പുസമ്മേളനത്തില്‍ അവതരിപ്പിക്കും. വേജസ് കോഡ് ബില്‍ ഈയാഴ്ചതന്നെ കൊണ്ടുവരും. ഒ.എസ്.എച്ച്. കോഡ് പ്രകാരം തൊഴില്‍സമയത്തിലും ഓവര്‍ടൈമിലും മാറ്റംവരാം. ജോലിസമയം 14 മണിക്കൂര്‍ വരെയാകാം. കരാര്‍ തൊഴിലാളിനിയമം പുതിയ ബില്ലിന്റെ ഭാഗമാക്കുമ്പോള്‍, തുല്യജോലിക്കു തുല്യവേതനം എന്ന നിബന്ധന ഉള്‍പ്പെടുത്തിയിട്ടില്ല. അതുപോലെ ബില്ലിലെ വ്യവസ്ഥകള്‍ എല്ലാ തൊഴിലാളികള്‍ക്കും ബാധകമാക്കണം. ഇപ്പോള്‍ പത്തില്‍ കുറവ് ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് വ്യവസ്ഥകള്‍ ബാധകമല്ല.

ഫാക്ടറികളും സ്ഥാപനങ്ങളും പരിശോധിക്കാന്‍ എത്തുന്ന ഇന്‍സ്പെക്ടര്‍ക്ക് പകരം ‘ഫെസിലിറ്റേറ്റര്‍’ ആണ് ബില്ലിലുള്ളത്. അതു പൂര്‍ണമായും തൊഴിലുടമകള്‍ക്ക് അനുകൂലമായ തീരുമാനമാണ്. അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ നിബന്ധനയ്ക്ക് വിരുദ്ധവുമാണ് ആ നിര്‍ദേശം.

ട്രേഡു യൂണിയനുകളുമായും തൊഴിലുടമകളുമായും മറ്റും കൂടിയാലോചന നടത്തിയശേഷമാണ് ഒ.എസ്.എച്ച് ബില്‍ കൊണ്ടുവരുന്നതെന്ന് തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗംഗവാര്‍ പറഞ്ഞു. സംഘടിത, അസംഘടിത മേഖലയിലെ 40 കോടി തൊഴിലാളികള്‍ക്ക് ബില്ലിലെ വ്യവസ്ഥകള്‍ പ്രയോജനപ്പെടും. ബില്ലിലെ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ ഒ.എസ്.എച്ച്. ബോര്‍ഡും ദേശീയ സുരക്ഷിതത്വ കൗണ്‍സിലും രൂപവത്ക്കരിക്കും.


LEAVE A REPLY

Please enter your comment!
Please enter your name here