ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ ഇന്ത്യക്ക് തോല്‍വി.മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ന്യൂസിലന്‍ഡ് 18 റണ്‍സിനാണ് ഇന്ത്യയെ തോല്‍പ്പിച്ചത്.240 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.3 ഓവറില്‍ 221 റണ്‍സിന് ഓള്‍ ഔട്ടായി.ഇന്ത്യയുടെ 3 വിക്കറ്റുകള്‍ വീഴ്ത്തിയ ന്യൂസിലണ്ട് ഫാസ്റ്റ് ബൗളര്‍ മാറ്റ് ഹെന്റിയാണ് കളിയിലെ താരം.

മഴ മൂലം റിസര്‍വ് ദിനത്തിലേക്ക് നീണ്ട മത്സരത്തില്‍ 5 വിക്കറ്റിന് 211 എന്ന നിലയിലാണ് ന്യൂസിലന്റ് ബാറ്റിംഗ് പൂനരാരംഭിച്ചത്.ശേഷിച്ച 23 പന്തുകളില്‍ 28 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത ന്യൂസിലണ്ടിന്റെ ഇന്നിംഗ്സ് 8 ന് 239 എന്ന നിലയില്‍ അവസാനിച്ചു.74 റണ്‍സെടുത്ത റോസ് ടെയിലറിന്റെയും 67 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെയിന്‍ വില്യംസണിന്റെയും ബാറ്റിംഗാണ് കീവിസിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.

അനായാസ വിജയം ലക്ഷ്യമിട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ കീവീസ് ഫാസ്റ്റ് ബൗളര്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.സ്‌കോര്‍ അഞ്ചിലെത്തുമ്പോഴേക്കും രോഹിത്ത് ശര്‍മ്മയും വിരാട് കോഹ്ലിയും ലോകേഷ് രാഹുലും പവലിയനിലേക്കു മടങ്ങി.രാഹുലിനെയും രോഹിത് ശര്‍മ്മയെയും മാറ്റ് ഹെന്റിയും കോഹ്ലിയെ ബോള്‍ട്ടുമാണ് പുറത്താക്കിയത്.മൂവര്‍ക്കും ഓരോ റണ്‍ വീതം മാത്രമാണ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ക്കാനായത്.ദിനേശ് കാര്‍ത്തിക്ക് കൂടി പുറത്തായ ശേഷം റിഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് പൊരുതാന്‍ ശ്രമിച്ചെങ്കിലും രണ്ടു പേരെയും പുറത്താക്കിയ ഇടംകൈയന്‍ സ്പിന്നര്‍ മിച്ചല്‍ സാന്റ്നര്‍ ഇന്ത്യയെ 92 ന് 6 എന്ന നിലയിലേക്കു തള്ളിയിട്ടു.

ഇതിനു ശേഷമായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് ഫിറന്നത്. വന്‍ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ കരകയറ്റിയ രവീന്ദ്ര ജഡേജയും മഹേന്ദ്ര സിംഗ് ധോണിയും ചേര്‍ന്ന് ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി.ഏഴാം വിക്കറ്റില്‍ 116 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഇരുവരും ഇന്ത്യയുടെ സ്‌കോര്‍ 208 വരെ എത്തിച്ചു.എന്നാല്‍ 48 ാം ഓവറില്‍ ജഡേജയെ പുറത്താക്കിയ ബോള്‍ട്ട് കീവിസിനെ മത്സരത്തിലേക്കു തിരികെയെത്തിച്ചു. അടുത്ത ഓവറില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ നേരിട്ടുള്ള ത്രോയില്‍ ധോണി റണ്ണൗട്ടായതോടെ ഇന്ത്യ പരജായമുറപ്പിച്ചു. ജഡേജ 59 പന്തില്‍ 77 ഉം ധോണി 72 പന്തില്‍ 50 ഉം റണ്‍സാണ് നേടിയത്.49.3 ഓവറില്‍ 221 റണ്‍സിന് ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു.


LEAVE A REPLY

Please enter your comment!
Please enter your name here