കൊച്ചി: പ്രളയദുരിതാശ്വാസത്തിനായി കലാസൃഷ്ടികളുടെ ലേലത്തിലൂടെ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സമാഹരിച്ച 3 കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, സെക്രട്ടറി വി സുനില്‍ ട്രസ്റ്റി ബോണി തോമസ് എന്നിവര്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് തുക കൈമാറിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ് തുക നല്‍കിയത്.

രാജ്യത്തിനകത്തും പുറത്തുമുള്ള നാല്‍പതിലേറെ കലാകാരന്മാര്‍ തങ്ങളുടെ സൃഷ്ടികള്‍ ലേലത്തിനായി ബിനാലെ ഫൗണ്ടേഷന് കൈമാറിയിരുന്നു. ആര്‍ട്ട് റൈസസ് ഫോര്‍ കേരള എന്നു പേരിട്ട ഈ ഉദ്യമം മുംബൈയിലെ പ്രമുഖ ലേല സ്ഥാപനമായ സാഫ്രണ്‍ ആര്‍ട്ടുമായി സഹകരിച്ചാണ് നടത്തിയത്.

കലാകാരന്മാരുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഉയര്‍ന്ന ഉദാഹരണമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റിബില്‍ഡ് കേരള എന്ന പുനര്‍നിര്‍മ്മാണ ദൗത്യത്തിനും എല്ലാ കലാ-സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെയും സഹകരണം വേണമെന്നും അദ്ദേഹം പറഞ്ഞു.

ബിനാലെ നാലാം ലക്കം നടക്കുന്ന സമയത്ത് കൊച്ചിയിലാണ് കലാസൃഷ്ടികളുടെ ലേലം നടത്തിയത്. ലേലത്തിനു മുന്നോടിയായി പൊതു ജനങ്ങള്‍ക്കായി സൃഷ്ടികളുടെ പ്രദര്‍ശനം ഒരുക്കിയിരുന്നു.


LEAVE A REPLY

Please enter your comment!
Please enter your name here