മീനങ്ങാടി: ദേശീയ മത്സ്യ കര്‍ഷക ദിനം വയനാടിന് പുരസ്‌കാര ദിനമായി മാറി. ദേശീയ തലത്തിലെ മികച്ച ശുദ്ധജല മത്സ്യ കര്‍ഷകനുള്ള പുരസ്‌കാരം മാനന്തവാടി നഗരസഭയില്‍ നിന്നുള്ള കെ ജെ ജെറാള്‍ഡിനും സംസ്ഥാനത്തെ തലത്തിലെ മികച്ച ശുദ്ധജല മത്സ്യ കര്‍ഷകനുള്ള പുരസ്‌കാരം പൊഴുതന പഞ്ചായത്തില്‍ നിന്നുള്ള അബ്ദുള്‍ റഷീദിനും ലഭിച്ചു.

സംസ്ഥാനത്ത് തന്നെ കുറഞ്ഞ ജല വിസ്തൃതിയുള്ള ജില്ലയാണെങ്കിലും മത്സ്യകൃഷി മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് വയനാട് ജില്ലയില്‍ നടക്കുന്നത്. 2016 – 17 വര്‍ഷം മുതല്‍ നടപ്പാക്കിയ നൂതന മത്സ്യകൃഷിയാണ് ജില്ലയില്‍ ഈ മേഖലയില്‍ വലിയ കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കിയത്. ലാഭകരമായ ഈ മേഖലയിലേക്ക് ഒട്ടേറെ പേരാണ് പുതുതായി കടന്ന് വരുന്നത്. സബ്‌സിഡിയോടു കൂടിയുള്ള പുതിയ പദ്ധതികളാണ് മത്സ്യകൃഷിയിലേക്ക് ആളുകളെ അടുപ്പിക്കുന്നത്. പുന:ചംക്രമണ കൃഷി, ശാസ്ത്രീയ കാര്‍പ്പ് കൃഷി, ആസാംവാള കൃഷി, പടുതാ കുളത്തിലെ മത്സ്യകൃഷി, കൂട് കൃഷി, കുളത്തിലെ നൈല്‍ തിലാപ്പിയ കൃഷി തുടങ്ങിയ പദ്ധതികളിലായി അയ്യായിരത്തോളം കര്‍ഷകര്‍ ജില്ലയില്‍ മത്സ്യകൃഷി ചെയ്യുന്നുണ്ട്.

ദേശീയ മത്സ്യ കര്‍ഷക ദിനാചരണം മീനങ്ങാടി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ ഉദ്ഘാടനം ചെയ്തു. മികച്ച കര്‍ഷകരെ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ആദരിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ലത ശശി അദ്ധ്യക്ഷത വഹിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍ ലൈവ് ഫിഷ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പുരസ്‌കാര ജേതാവ് അബ്ദുള്‍ റഷീദ്, ജില്ലയിലെ മുതിര്‍ന്ന മത്സ്യ കര്‍ഷകരായ എ സി രാഘവന്‍, ബേബി ചെമ്പനാനിക്കല്‍, ജോര്‍ജ്ജ് ചുള്ളിയാന, വര്‍ഗ്ഗീസ് ചക്കാലക്കല്‍, ഇ ഡി അഗസ്റ്റിന്‍, ജില്ലയിലെ മികച്ച അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ ടി കെ ജ്യാസ്‌ന എന്നിവരെ ചടങ്ങില്‍ ആദരിച്ചു.


LEAVE A REPLY

Please enter your comment!
Please enter your name here