അമേഠി : അമേഠിയുമായുള്ള ബന്ധം തനിക്ക് ഒരിക്കലും അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി. അമേഠിയില്‍ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടശേഷം ആദ്യമായി അവിടം സന്ദര്‍ശിക്കവെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.

പ്രദേശവുമായുള്ള തന്റെ ബന്ധം വ്യക്തിപരമാണ്. രാഷ്ട്രീയമല്ല. ജയവും തോല്‍വിയും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. എന്നാല്‍, ഒരുകാലത്തും അമേഠിയെ ഉപേക്ഷിക്കാനാവില്ല. കോണ്‍ഗ്രസിനെ ശക്തമാക്കുന്നതിനുള്ള നീണ്ട പ്രവര്‍ത്തനത്തിന് സജ്ജരാകാന്‍ അദ്ദേഹം പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു.
അമേഠിയിലെ നിര്‍മല ദേവി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് അംഗങ്ങളും പ്രാദേശിക നേതാക്കളും അടക്കം 1200 പ്രവര്‍ത്തകരെയാണ് ക്ഷണിച്ചിരുന്നത്. എന്നാല്‍ 15000 ലേറെപ്പേര്‍ യോഗത്തിനെത്തി. അന്തരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഗംഗപ്രസാദ് ഗുപ്തയുടെ വീടും രാഹുല്‍ സന്ദര്‍ശിച്ചു.

അതേസമയം അമേഠിയിലെങ്ങും രാഹുലിനെ വിമര്‍ശിക്കുന്ന പോസ്റ്ററുകള്‍ നിരന്നിരുന്നു. സഞ്ജയ് ഗാന്ധി ഹോസ്പിറ്റലില്‍ ചികിത്സയ്ക്കിടെ മരിച്ച രോഗിയുടെ ബന്ധുക്കള്‍ക്ക് നീതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. രാജീവ് ഗാന്ധി ട്രസ്റ്റ് നടത്തുന്ന ആശുപത്രിയാണിത്. ട്രസ്റ്റിലെ അംഗങ്ങളില്‍ ഒരാളാണ് രാഹുല്‍ഗാന്ധി.


LEAVE A REPLY

Please enter your comment!
Please enter your name here