കൊച്ചി: എല്‍.പി, യു.പി സ്‌കൂളുകളുടെ ഘടനമാറ്റിയതില്‍ തെറ്റില്ലെന്ന് ഹൈക്കോടതി ഫുള്‍ബെഞ്ച് . ഒന്നുമുതല്‍ അഞ്ച് വരെയുള്ള ക്ലാസുകള്‍ ലോവര്‍ പ്രൈമറി വിഭാഗത്തിലും ആറുമുതല്‍ എട്ടുവരെയുള്ള ക്ലാസുകള്‍ അപ്പര്‍ പ്രൈമറി വിഭാഗത്തിലും ആക്കുന്നതാണ് പുതിയ തീരുമാനം. ഇതിന് ഹൈക്കോടതി അംഗീകാരം നല്‍കി.

നേരത്തെ സംസ്ഥാനത്ത് ഒന്നുമുതല്‍ നാലുവരെ ലോവര്‍ പ്രൈമറിയും അഞ്ചുമുതല്‍ ഏഴുവരെയുള്ള ക്ലാസുകള്‍ അപ്പര്‍ പ്രൈമറിയുമായിരുന്നു. ഈ ഘടനയിലാണ് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം മാറ്റം വരുത്തിയത്. ഇത് ചോദ്യം ചെയ്ത് സ്‌കൂള്‍ മാനേജ്മെന്റുകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇക്കാര്യത്തിലാണ് ഹൈക്കോടതി ഫുള്‍ബെഞ്ചിന്റെ അന്തിമ തീര്‍പ്പുണ്ടായിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്നുകഴിഞ്ഞു. ഈ നിയമം കേരളത്തിലും ബാധകമാണ് എന്നതാണ് ഹൈക്കോടതിയുടെ തീരുമാനം.

വിദ്യാധനം സര്‍വധനാല്‍ പ്രധാനമാണ്. അതിനാല്‍ തന്നെ അക്കാര്യത്തില്‍ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചകളോ നീക്കങ്ങളോ പാടില്ല. എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കണം. അതുകൊണ്ട് തന്നെ വിദ്യാഭ്യാസ അവകാശ നിയമം അംഗീകരിക്കപ്പെടണമെന്നും കോടതി നിലപാടെടുത്തു.


LEAVE A REPLY

Please enter your comment!
Please enter your name here