ഇതരസംസ്ഥാന തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് മന്ത്രി ടി. പി. രാമകൃഷ്ണന്‍ പറഞ്ഞു. ഇതര – സംസ്ഥാന തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച ഭവനസമുച്ചയമായ അപ്നാഘര്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മുഴുവന്‍ ഇതര സംസ്ഥാന തൊഴിലാളികളും ആവാസ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തും. താമസസ്ഥലത്ത് ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്. വൈദ്യുതി, വെള്ളം എന്നിവ തൊഴിലാളികള്‍ക്ക് സൗജന്യമായി നല്‍കുന്നു. തൊഴിലാളികളുടെ സുരക്ഷ, താമസസ്ഥലത്തെ ശുചിത്വം എന്നിവ ഉറപ്പുവരുത്തുന്നതിനായി പരിശോധന നടത്തണമെന്നും തൊഴില്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. കഞ്ചിക്കോട് കിന്‍ഫ്ര ഇന്റഗ്രേറ്റഡ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്സ്റ്റൈല്‍സ് പാര്‍ക്കില്‍ 30 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്ത 0.84 ഏക്കര്‍ ഭൂമിയില്‍ നാല് നിലയിലാണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. 62 മുറികളിലായി 620 ഇതരസംസ്ഥാന തൊഴിലാളികള്‍ ഇവിടെ താമസിക്കുന്നുണ്ട്. 32 അടുക്കള, എട്ട് ഊണ്‍മുറി, 96 ടോയ്ലെറ്റ് കൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെക്യൂരിറ്റി സൗകര്യവും ഒരുക്കിയിട്ടുണ്ട്. പ്രതിമാസം ഒരാള്‍ക്ക് 800 രൂപ നിരക്കിലാണ് ഹോസ്റ്റല്‍ വാടക ഈടാക്കുന്നത്. ഇന്ത്യയിലാദ്യമായാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി എല്ലാ സൗകര്യങ്ങളോടും കൂടിയ പാര്‍പ്പിട സമുച്ചയം സര്‍ക്കാര്‍ ഒരുക്കുന്നത്. റീജ്യനല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ശ്രീലാല്‍, ജില്ലാ ലേബര്‍ ഓഫീസര്‍ രാമകൃഷ്ണന്‍, തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിയെ അനുഗമിച്ചു.


LEAVE A REPLY

Please enter your comment!
Please enter your name here