തിരുവനന്തപുരം: 2018 ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിലോ ഉരുള്‍പൊട്ടലിലോ വീടിനു പൂര്‍ണമായോ ഭാഗികമായോ (15 ശതമാനം മുതല്‍ 100 ശതമാനം വരെ) നാശനഷ്ടം സംഭവിച്ചവര്‍ക്ക് 25,000 രൂപ അധികസഹായത്തിന് അപേക്ഷ ക്ഷണിച്ചു. പ്രത്യുസ്ഥാനം പദ്ധതിപ്രകാരമാണ് സഹായം നല്‍കുന്നത്.

സംസ്ഥാന സര്‍ക്കാര്‍, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, യു.എന്‍.ഡി.പി. എന്നിവയുടെ സഹകരണത്തോടെയാണ് സഹായം നല്‍കുന്നത്. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലക്കാര്‍ക്ക് അപേക്ഷിക്കാം.

കാന്‍സര്‍ രോഗികള്‍, ഡയാലിസിസ് രോഗികള്‍/മാനസിക വെല്ലുവിളി നേരിടുന്നവരും കിടപ്പുരോഗികളുമായ ഭിന്നശേഷിക്കാര്‍, വിധവകള്‍, 2018 ഓഗസ്റ്റ് 31-ന് 18 വയസ്സ് പൂര്‍ത്തിയാകാത്ത കുട്ടികളുള്ള കുടുംബനാഥകള്‍ എന്നിങ്ങനെയുള്ള 7300 കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ സഹായം ലഭിക്കും.

അപേക്ഷാഫോറം തദ്ദേശ സ്ഥാപനങ്ങളില്‍ നേരിട്ടു ലഭിക്കും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയോ അതത് ജില്ലാ ഭരണകൂടത്തിന്റെയോ(www.sdma.kerala.gov.in) തദ്ദേശവകുപ്പിന്റെയോ സാമൂഹികനീതി വകുപ്പിന്റെയോ വെബ്സൈറ്റില്‍നിന്നു ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം അടുത്തുള്ള അങ്കണവാടികളില്‍ ജൂലായ് 31-നു മുമ്പ് നല്‍കണം.


LEAVE A REPLY

Please enter your comment!
Please enter your name here