തിരുവനന്തപുരം: കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ ബദല്‍ ക്രമീകരണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കാരുണ്യ ബനവലന്റ് പദ്ധതിയില്‍ അര്‍ഹതയുള്ള രോഗികള്‍ക്ക് സൗജന്യ ചികിത്സ 2020 മാര്‍ച്ച് 31 വരെ നീട്ടിയാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. നിലവില്‍ കാരുണ്യ പദ്ധതിയില്‍ ചികിത്സയ്ക്ക് അര്‍ഹതയുണ്ടായിരുന്ന ആരുടേയും ചികിത്സാ മുടങ്ങില്ലെന്ന് ഉറപ്പ് വരുത്താനാണ് പുതിയ ഉത്തരവെന്നും മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.

കാരുണ്യ ചികിത്സാ ധനസഹായത്തിന് അര്‍ഹതയുള്ളവര്‍ക്കും എന്നാല്‍ ആര്‍.എസ്.ബി.വൈ./കെ.എ.എസ്.പി. കാര്‍ഡില്ലാത്തവര്‍ക്കും കെ.എ.എസ്.പി. എംപാനല്‍ഡ് ആശുപത്രികളില്‍ കെ.എ.എസ്.പി. പാക്കേജിലും നിരക്കിലും ചികിത്സ ലഭ്യമാക്കുന്നതാണ്. സ്റ്റേറ്റ് ഹെല്‍ത്ത് അതോറിറ്റി മുഖാന്തരമാണ് കെ.എ.എസ്.പി. എംപാനല്‍ഡ് ആശുപത്രികള്‍ക്ക് ചികിത്സയ്ക്ക് ചെലവായ തുക അനുവദിച്ച് നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ജൂണ്‍ 30-നാണ് കാരുണ്യ ചികിത്സാ പദ്ധതി നിര്‍ത്തിലാക്കിയത്. ഇതോടെ നിരവധി രോഗികള്‍ ചികിത്സാസഹായം കിട്ടാതെ ബുദ്ധിമുട്ടിലായിരുന്നു. ഈ സാഹചര്യത്തിലാണ് കാരുണ്യ ബനവലന്റ് പദ്ധതിയിലുള്ളവര്‍ക്ക് ചികിത്സാസഹായം നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.

കാരുണ്യ പദ്ധതിയും നിലവിലുള്ള എല്ലാ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളെയും സംയോജിപ്പിച്ചുകൊണ്ട് 2019 ഏപ്രില്‍ ഒന്നുമുതലാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി കേരളത്തില്‍ നടപ്പിലാക്കിയിരുന്നത്. ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് വര്‍ഷം തോറും ഇതിലൂടെ ലഭിക്കുന്നത്.


LEAVE A REPLY

Please enter your comment!
Please enter your name here