കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തിന്റെ സുഗമമായ നടത്തിപ്പിന് തിരുനെല്ലിയില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാറിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജൂലൈ 31 നാണ് ബലിതര്‍പ്പണം.

ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിന് ട്രാഫിക്, വാഹന പാര്‍ക്കിംഗ് തുടങ്ങിയവയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. ബലിതര്‍പ്പണത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ദേവസ്വവും ക്ഷേത്ര കമ്മിറ്റിയും ചേര്‍ന്ന് നിര്‍വഹിക്കും. ഭക്തജനങ്ങളെ സഹായിക്കുന്നതിന് എന്‍.സി.സി, എന്‍.എസ്.എസ്, എസ്.പി.സി. വളണ്ടിയര്‍മാരുടെ സേവനം ഉറപ്പു വരുത്തും. വൊളണ്ടിയര്‍മാര്‍ക്ക് കെ.എസ്.ആര്‍.ടി.സി. ബസില്‍ സൗജന്യ യാത്ര അനുവദിക്കും. പ്രദേശത്ത് സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കും. ഫെസിലിറ്റേഷന്‍ സെന്റര്‍, ബസ് സ്റ്റാന്റ്, റോഡ് എന്നിവിടങ്ങളില്‍ മതിയായ വെളിച്ചം ലഭ്യമാക്കും. പൊന്‍കുഴി, കാട്ടിക്കുളം, തിരുനെല്ലി എന്നിവിടങ്ങളില്‍ ആംബുലന്‍സ് സൗകര്യം ഉറപ്പുവരുത്തും. മെഡിക്കല്‍ ടീമിനെ ഒരുക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി. പരിസര ശുചിത്വവും ഹോട്ടലുകളില്‍ ഗുണനിലവാരമുള്ള ഭക്ഷണവും ഉറപ്പു വരുത്തുന്നതിന് ഫുഡ് സേഫ്റ്റി, ശുചിത്വമിഷന്‍ അധികൃതരുടെ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. വന്യമൃഗങ്ങളില്‍ നിന്നുള്ള സുരക്ഷയ്ക്കായി വനംവകുപ്പ് പട്രോളിംഗ് ഏര്‍പ്പെടുത്തും. റോഡരുകുകളിലെ കാട് വെട്ടിത്തെളിക്കുന്നതിനും കുഴികള്‍ അടച്ച് റിഫ്ളക്ടറുകള്‍ സ്ഥാപിക്കുന്നതിനും പി.ഡബ്ല്യു.ഡി. നിരത്ത് വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഉപയോഗിക്കുന്നത് നിരോധിക്കും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സ്‌കൂള്‍ ഗ്രൗണ്ടും വിശ്രമ കേന്ദ്രങ്ങളായി സ്‌കൂള്‍ കെട്ടിടവും പ്രയോജനപ്പെടുത്തും. മതിയായ വാഹന സൗകര്യം ഒരുക്കുന്നതിന് ആര്‍.ടി.ഒ.യോടും താമസ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് ഡി.ടി.പി.സി, പി.ഡബ്ല്യു.ഡി. കെട്ടിട വിഭാഗത്തോടും ആവശ്യപ്പെട്ടു. യോഗത്തില്‍ ജനപ്രതിനിധികളും ദേവസ്വം ഭാരവാഹികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.


LEAVE A REPLY

Please enter your comment!
Please enter your name here