നാടിന്റെ ബഹുസ്വരതയെ തൊട്ടറിയുന്ന പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. തൃശ്ശിലേരി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്ക് പരസ്പരം അടുത്തറിയാനുളള അവസരങ്ങളാണ് പൊതുവിദ്യാലയങ്ങള്‍ ഒരുക്കുന്നത്. എല്ലാവിഭാഗത്തിലുളള കുട്ടികള്‍ക്കും ഒന്നിച്ചിരിന്ന് കളിക്കാനും പഠിക്കാനും സാധിക്കുന്ന പൊതുവിദ്യാഭ്യാസ സമ്പ്രദായം ഉണ്ടായതാണ് കേരളത്തെ രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ മുന്നിലെത്തിച്ചതെന്നും മന്ത്രി പറഞ്ഞു.

മതസൗഹാര്‍ദ്ദത്തിന്റെ ആദ്യപാഠങ്ങള്‍ പകര്‍ന്ന് ലഭിക്കുന്നത് വിദ്യാലയങ്ങളിലൂടെയാണ്. ഒരേ മതവിഭാഗത്തില്‍പ്പെട്ടവര്‍ മാത്രം പഠിക്കുന്ന വിദ്യാലയങ്ങളിലെ കുട്ടികളുടെ മനസ്സ് വിശാലമായിരിക്കില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. എന്റെ രാജ്യം ഏങ്ങനെയാണെന്ന് ചോദിച്ചാല്‍ എന്റെ ക്ലാസ് മുറിപോലെയാണെന്ന് പറയാന്‍ അധ്യാപകന് കഴിയണം. അക്ഷരത്തോടൊപ്പം മതനിരപേക്ഷതയുടെ പാഠങ്ങളും പകര്‍ന്ന് നല്‍ക്കുന്നതോടെ മതാന്ധതയെ തകര്‍ക്കാനും വര്‍ഗീയതയെ തുലക്കാനും സാധിക്കും. അതിനാല്‍ ഓരോ വിദ്യാലയങ്ങളും നാടിന്റെ പരിഛേദങ്ങളാകണമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയും ഓര്‍മ്മ മരം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രാഭാകരനും നിര്‍വ്വഹിച്ചു.


LEAVE A REPLY

Please enter your comment!
Please enter your name here