ദേശീയപാത 544 ലെ മണ്ണൂത്തി – വടക്കാഞ്ചേരി റീച്ചിലെ കുതിരാന്‍ തുരങ്ക
ത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനുളള ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍
ഗഡ്കരിക്കും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യാ ചെയര്‍മാനും മന്ത്രി ജി.സുധാകരന്‍ കത്തയച്ചു. കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ തൃശൂര്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ 2019 ജനുവരിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകുമെന്ന് എന്‍.എച്ച്.എ.ഐ അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഉറപ്പ്
പാലിക്കുന്നതില്‍ കരാര്‍ കമ്പനിയും എന്‍.എച്ച്.എ.ഐയും വീഴ്ച വരുത്തി. തുടര്‍ന്ന് ഒട്ടേറെ തവണ എന്‍.എച്ച്.എ.ഐ അധികൃതരെ ബന്ധപ്പെട്ടെങ്കിലും പുരോഗതി ഉണ്ടായിട്ടില്ലെന്ന് കത്തില്‍ പറയുന്നു. ഒരു വര്‍ഷത്തോളമായി യാതൊരുവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. തുരങ്കത്തിന്റെ മുകളില്‍ മണ്ണും പാറയും ഇടിഞ്ഞ സ്ഥലം ശാസ്ത്രീയമായി
പുനര്‍നിര്‍മ്മിക്കുന്നതിന് പകരം മണല്‍ ചാക്കുകള്‍ അടുക്കി വെച്ചിരിക്കുന്ന കാര്യം എന്‍.എച്ച്.എ.ഐ അധികൃതകരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ വീഴ്ച വരുത്തിയ കരാര്‍ കമ്പനിയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നതിനൊപ്പം നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ഇടപെടല്‍ വേണമെന്നുമാണ് കത്തിലെ ആവശ്യം.


LEAVE A REPLY

Please enter your comment!
Please enter your name here