കേരളം: നിപയെ ശക്തിയായി പ്രതിരോധിക്കാൻ കഴിഞ്ഞതിലൂടെ ആരോഗ്യരംഗത്ത് ലോകത്തിനുമുന്നിൽ കേരളം ഗ്രാഫുയർത്തിയതായി തദ്ദേശസ്വയംഭരണമന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. ആരോഗ്യ മേഖലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടത്തിവരുന്ന മികച്ച പ്രവർത്തനങ്ങളുടെ അംഗീകാരമായി നൽകുന്ന 2017-18 ലെ ആർദ്ര കേരളം പുരസ്‌കാരവിതരണച്ചടങ്ങ്  നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാലഘട്ടത്തിലെ വെല്ലുവിളികൾ നേരിടാൻ ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഒന്നിച്ച് പ്രവർത്തിക്കും.  രോഗപ്രതിരോധപ്രവർത്തനങ്ങളിൽ ആരോഗ്യവകുപ്പിനൊപ്പം നിന്ന് ലക്ഷ്യബോധത്തോടെയുള്ള മാതൃകാപരമായ പ്രവർത്തനമാണ് തദ്ദേശസ്ഥാപനങ്ങൾ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. നിപ വൈറസ് ബാധ സമയത്തും പ്രളയസമയത്തും ഈ കൂട്ടായ്മ നമ്മൾ കണ്ടതാണ്. രോഗപ്രതിരോധ രംഗത്തും ആശുപത്രികളിൽ പശ്ചാത്തല സൗകര്യങ്ങളൊരുക്കുന്നതിലും ഈ വകുപ്പുകൾ ചേർന്ന് മികച്ച പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യസംവിധാനം ഏറ്റവും മികവുറ്റതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിന്റെ ഫലമായി പൊതുജനാരോഗ്യസംവിധാനങ്ങളെ ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്നതായി കണക്കുകൾ തെളിയിക്കുന്നു. ആർദ്രം പദ്ധതി കേരളത്തിന്റെ വികസനത്തിന്റെ നാഴികക്കല്ലാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാൻ വലിയ ഇടപെടലുകളാണ് സർക്കാർ നടത്തിയത്. 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾക്കു കീഴിലും മുൻസിപ്പാലിറ്റി, കോർപറേഷന്റെ കീഴിലുമുള്ള ആശുപത്രികളിൽ വലിയ വികസനപ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു.


LEAVE A REPLY

Please enter your comment!
Please enter your name here