ലണ്ടന്‍: പന്ത്രണ്ടാം ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ഗംഭീര വിജയം നേടിയതോടെ പോയിന്‍റ് പട്ടികയില്‍ മൂന്നാമതെത്തിയിരിക്കുകയാണ് ഇന്ത്യ. ധവന്‍റെ സെഞ്ചുറി ഉള്‍പ്പടെ കൂറ്റന്‍ സ്കോര്‍ തീര്‍ക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചതാണ് വിജയത്തിന് കാരണമായത്. 

എന്നാല്‍, ന്യൂസ്‌ലാന്‍ഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് ശിഖര്‍ ധവന്‍റെ പരുക്ക് ആശങ്കയാക്കുകയാണ്. ഓസ്ട്രേലിയക്കെതിരായ രണ്ടാം മത്സരത്തിനിടെ പരിക്കേറ്റ ധവനെ ഇന്ന് സ്ക്കാനിംഗിന് വിധേയനാക്കും. 

ഇന്ന് വൈകുന്നേരത്തിന് മുന്‍പായി സ്കാനിംഗ് ഫലം ലഭിക്കും. പരിശോധനാ ഫലം വന്ന ശേഷം മാത്രമെ മറ്റന്നാള്‍ കളിക്കാനാകുമോയെന്ന് വ്യക്തമാകൂ. എന്നാല്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ന്യൂസ്‌ലാന്‍ഡിനെതിരെ ശിഖര്‍ ധവന് കളിക്കാനാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

കഴിഞ്ഞ ഞായറാഴ്ച നടന്ന മത്സരത്തിനിടെ നഥാന്‍ കോള്‍ട്ടര്‍ നൈലിന്‍റെ പന്ത് കൊണ്ടാണ് താരത്തിന്‍റെ ഇടതു കൈവിരലിന് പരിക്കേറ്റത്.

ഇതോടെ കൈ വിരലില്‍ നീര് വന്ന് വീര്‍ത്തെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ധവന്‍ കളി തുടര്‍ന്നു. 109 പന്തുകളില്‍ നിന്ന് 117 റണ്‍സാണ് ധവന്‍ സ്വന്തമാക്കിയത്. 

സെഞ്ചുറി പിന്നിട്ടെങ്കിലും താര൦ ഫീല്‍ഡിംഗിന് ഇറങ്ങിയില്ല. പകരം 50 ഓവറും രവീന്ദ്ര ജഡേജയാണ് ഫീല്‍ഡ് ചെയ്തത്. ധവന്‍ കളിക്കാതിരുന്നാല്‍ ലോകേഷ് രാഹുല്‍ ഓപ്പണര്‍ സ്ഥാനത്ത് എത്തിയേക്കും.

വിജയ് ശങ്കറിനോ ദിനേഷ് കാര്‍ത്തിക്കിനോ ടീമില്‍ അവസരം ലഭിക്കുകയും ചെയ്യും. ട്രെന്‍ഡ്ബ്രിഡ്ജില്‍ മെയ്‌ 13നാണ് ഇന്ത്യ-ന്യൂസിലന്‍ഡ് മല്‍സരം.