ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനൂജിയയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 

തനിക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകരെയെല്ലാം ജയിലിലിട്ടിരുന്നെങ്കില്‍ പല പത്രങ്ങളിലും ജോലി ചെയ്യാന്‍ ആളില്ലാതായേനെയെന്ന് രാഹുല്‍ ഗാന്ധി പരിഹാസപൂര്‍വ്വം പറഞ്ഞു
 
‘എന്നെക്കുറിച്ച് വ്യാജ റിപ്പോര്‍ട്ടും വാര്‍ത്തയും ഫയല്‍ ചെയ്യുന്ന, ബിജെപി ആര്‍.എസ്.എസ് സ്‌പോണ്‍സേര്‍ഡ് പ്രൊപ്പഗണ്ട നടപ്പിലാക്കുന്ന എല്ലാ മാധ്യമപ്രവര്‍ത്തകരെയും ജയിലിലിടുകയാണെങ്കില്‍ മിക്ക പത്രങ്ങള്‍ക്കും ന്യൂസ് ചാനലുകള്‍ക്കും സ്റ്റാഫുകളുടെ വലിയ കുറവ് വരും.’ എന്നായിരുന്നു രാഹുലിന്‍റെ ട്വീറ്റ്. ഒപ്പം, യു.പി മുഖ്യമന്ത്രി ബുദ്ധിയില്ലാതെയാണ് പെരുമാറിയിരിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ‘അപകീർത്തിപ്പെടുത്തുന്ന’ വീഡിയോ ഷെയർ ചെയ്തെന്ന് ആരോപിച്ച് കഴിഞ്ഞ ശനിയാഴ്ച പ്രശാന്ത് കനൂജിയയെ അറസ്റ്റു ചെയ്തത്. 

എന്നാല്‍, മാധ്യമപ്രവര്‍ത്തകന്‍റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് പ്രശാന്ത് കനോജിയയുടെ ഭാര്യ ജിഗിഷ ഹേബിയസ് കോർപ്പസ് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചതോടെ, മുഖ്യമന്ത്രിയ്ക്ക് തിരിച്ചടി നേരിടേണ്ടിവന്നു. അറസ്റ്റ് ഭരണഘടനാവിരുദ്ധമാണെന്നും മാധ്യമപ്രവര്‍ത്തകനെ ഉടന്‍ വിട്ടയ്ക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

ഈ കേസിൽ അറസ്റ്റും പത്ത് ദിവസത്തിലധികം നീണ്ട റിമാൻഡും എന്തിനെന്ന് ജസ്റ്റിസ് രസ്‍തോഗി തിരിച്ചു ചോദിച്ചു. ‘കനോജിയയെന്താ കൊലക്കേസ് പ്രതിയാണോ? എന്തടിസ്ഥാനത്തിലാണിത്?”, എന്നായിരുന്നു കോടതിയുടെ ചോദ്യം. തുടർന്ന് വ്യക്തിസ്വാതന്ത്ര്യത്തിൽ ഇത്തരം ഇടപെടലുണ്ടായാൽ അതിൽ സുപ്രീംകോടതിയ്ക്ക് ഇടപെടാമെന്നും അതിൽ കീഴ്‍വഴക്കത്തിന്‍റെ പ്രശ്നമില്ലെന്നും നിരീക്ഷിച്ച സുപ്രീംകോടതി, മാധ്യമപ്രവർത്തകനെ ഉടനടി ജാമ്യത്തിൽ വിടാൻ ഉത്തരവിടുകയായിരുന്നു. 

എന്നാല്‍, ദൈവത്തിനും മതത്തിനുമെതിരെ പ്രകോപനപരമായ ട്വീറ്റുകൾ പ്രശാന്ത് കനോജിയ എഴുതിയിട്ടുണ്ടെന്നും അതിനാൽ ഐപിസി 505-ാം വകുപ്പ് കൂടി ചേർത്താണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും യുപി സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. 

അതേസമയം, മാധ്യമപ്രവർത്തകരുടെ അറസ്റ്റിനെതിരെ വലിയ പ്രതിഷേധമാണുയർന്നത്. മാധ്യമപ്രവർത്തകരുടെ ദേശീയ കൂട്ടായ്മകളും എഡിറ്റേഴ്‍സ് ഗിൽഡും ഉടനടി ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.