ഗുണ: എംപി സ്ഥാനം നഷ്ടമായെങ്കിലും പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശമായി തുടരുകയാണ് മുൻ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.

ഇതിന്‍റെ ഏറ്റവും വലിയ ഉദാഹരണമായി വിലയിരുത്തുകയാണ് കഴിഞ്ഞ ദിവസം ഗുണ മണ്ഡലത്തിലെ യോഗത്തില്‍ നടന്ന സംഭവ൦.

ഞായറാഴ്ച മധ്യപ്രദേശിലെ ഗുണയില്‍ വിളിച്ചുചേര്‍ത്ത പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിലായിരുന്നു വിചിത്രമായ സംഭവം. 

സിന്ധ്യയുടെ മുഖ൦ നെഞ്ചില്‍ പച്ചകുത്തിയാണ് യോഗത്തില്‍ പങ്കെടുക്കാന്‍ രൂപേഷ് ശര്‍മ്മ എന്ന പ്രവര്‍ത്തകന്‍ എത്തിയത്. 

ഇത് ശ്രദ്ധയില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ഇതേപ്പറ്റി രുപേഷിനോട് ചോദിച്ചപ്പോള്‍ സിന്ധ്യയാണ് തന്‍റെ ഏറ്റവും പ്രിയപ്പെട്ട നേതാവെന്നായിരുന്നു മറുപടി. 

ഗുണയിലെ സിന്ധ്യയുടെ തോല്‍വി അംഗീകരിക്കാന്‍ കഴിയില്ലെന്നും നല്ല വിഷമമുണ്ടെന്നും പറഞ്ഞ രൂപേഷ് അഞ്ച് വര്‍ഷത്തേക്ക് ചെരിപ്പോ ഷര്‍ട്ടോ ധരിക്കില്ലെന്നും വ്യക്തമാക്കി. 

തുടര്‍ച്ചയായ നാല് തവണത്തെ വിജയത്തിന് ശേഷമാണ് 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിന്ധ്യ പരാജയപ്പെട്ടത്.

ഗുണയിലെ എംപിയായി സിന്ധ്യ തിരിച്ചെത്തുന്ന അന്ന് മാത്രമേ ചെരുപ്പും ഷര്‍ട്ടും ധരിക്കുവെന്നാണ് യുവാവിന്‍റെ തീരുമാനം.