ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍റെ അറസ്റ്റില്‍ രൂക്ഷ വിമര്‍ശനുമായി സുപ്രീംകോടതി… മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയയെ ഉടൻ വിട്ടയക്കണമെന്നും സുപ്രീംകോടതി

ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ‘അപകീർത്തിപ്പെടുത്തുന്ന’ വീഡിയോ ഷെയർ ചെയ്തെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയയെ ഉടൻ വിട്ടയക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. 

സംഭവത്തെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി എന്തടിസ്ഥാനത്തിലാണ് കനോജിയയെ അറസ്റ്റ് ചെയ്തതെന്നും, 11 ദിവസം എന്തിന് റിമാന്‍ഡ് ചെയ്‌തെന്നും ചോദിക്കുകയുണ്ടായി. അറസ്റ്റ് ഭരണഘടനാവിരുദ്ധമാണെന്നും വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതാണ് ഉത്തര്‍ പ്രദേശ്‌ പൊലീസിന്‍റെ നടപടിയെന്നും കോടതി വ്യക്തമാക്കി. 

മാധ്യമപ്രവര്‍ത്തകന്‍റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് പ്രശാന്ത് കനോജിയയുടെ ഭാര്യ ജിഗിഷയാണ് ഹേബിയസ് കോർപ്പസ് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് ഇന്ദിരാ ബാനർജി അദ്ധ്യക്ഷയായ ബഞ്ചാണ് ഹർജി പരിഗണിച്ചത്. ”ഇത്തരം ട്വീറ്റുകളുടെ ശരിതെറ്റുകൾ അവിടെ നിൽക്കട്ടെ, ഈ ട്വീറ്റിന്‍റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുന്നതെങ്ങനെയാണ്” എന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. 

ഈ കേസിൽ അറസ്റ്റും പത്ത് ദിവസത്തിലധികം നീണ്ട റിമാൻഡും എന്തിനെന്ന് ജസ്റ്റിസ് രസ്‍തോഗി തിരിച്ചു ചോദിച്ചു. ‘കനോജിയയെന്താ കൊലക്കേസ് പ്രതിയാണോ? എന്തടിസ്ഥാനത്തിലാണിത്?”, എന്നായിരുന്നു കോടതിയുടെ ചോദ്യം. തുടർന്ന് വ്യക്തിസ്വാതന്ത്ര്യത്തിൽ ഇത്തരം ഇടപെടലുണ്ടായാൽ അതിൽ സുപ്രീംകോടതിയ്ക്ക് ഇടപെടാമെന്നും അതിൽ കീഴ്‍വഴക്കത്തിന്‍റെ പ്രശ്നമില്ലെന്നും നിരീക്ഷിച്ച സുപ്രീംകോടതി, മാധ്യമപ്രവർത്തകനെ ഉടനടി ജാമ്യത്തിൽ വിടാൻ ഉത്തരവിടുകയായിരുന്നു. 

എന്നാല്‍, ദൈവത്തിനും മതത്തിനുമെതിരെ പ്രകോപനപരമായ ട്വീറ്റുകൾ പ്രശാന്ത് കനോജിയ എഴുതിയിട്ടുണ്ടെന്നും അതിനാൽ ഐപിസി 505-ാം വകുപ്പ് കൂടി ചേർത്താണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും യുപി സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഈ ട്വീറ്റുകളുടെ സ്ക്രീൻഷോട്ടുകളും എഎസ്‍ജി കോടതിയിൽ സമർപ്പിച്ചു. 
 യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി താന്‍ ദീര്‍ഘനേരം വീഡിയോ കോള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും ഒരു യുവതി പറയുന്ന വീഡിയോയാണ് പ്രശാന്ത് കനോജിയയും മറ്റു ചില മാധ്യമ പ്രവര്‍ത്തകരും പ്രചരിപ്പിച്ചത്. ഇതാണ് മാധ്യമപ്രവര്‍ത്തകന്‍റെ അറസ്റ്റിലേയ്ക്ക് വഴി തെളിച്ചത്.

ഈ വീഡിയോ ക്ലിപ്പ് സംപ്രേഷണം ചെയ്തതിന് പ്രാദേശിക ചാനലായ നാഷന്‍ ലൈവിന്‍റെ മേധാവിയായ ഇഷിത സിംഗ്, എഡിറ്റര്‍ അനുജ് ശുക്ല എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

അതേസമയം, മാധ്യമപ്രവർത്തകരുടെ അറസ്റ്റിനെതിരെ വലിയ പ്രതിഷേധമാണുയർന്നത്. മാധ്യമപ്രവർത്തകരുടെ ദേശീയ കൂട്ടായ്മകളും എഡിറ്റേഴ്‍സ് ഗിൽഡും ഉടനടി ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.