അഗര്‍ത്തല: വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്നു പ​രാ​തി ന​ല്‍​കി​യ യുവതിയെ വിവാഹം കഴിച്ച് എം​എ​ല്‍​എ തടിയൂരി!!

ത്രിപുരയിലാണ് സംഭവം. സംസ്ഥാനത്തെ ഭ​ര​ണ​ക​ക്ഷി​യാ​യ ഇന്‍ഡീജിനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ​പി​എ​ഫ്ടി) എം​എ​ല്‍​എ ധ​ന​ഞ്ജ​യ് ത്രി​പു​ര​യാ​ണ് ത​നി​ക്കെ​തി​രേ പീ​ഡ​ന പ​രാ​തി​ ന​ല്‍​കി​യ യുവതിയെ​തന്നെ വിവാഹം കഴിച്ചത്. 

മേ​യ് 20നാ​ണ് ആദിവാസി യുവതി ​അ​ഗ​ര്‍​ത്ത​ല പോ​ലീ​സി​ല്‍ പീഡന പ​രാ​തി ന​ല്‍​കി​യ​ത്. എം​എ​ല്‍​എ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്നും എ​ന്നാ​ല്‍, ഇ​പ്പോ​ള്‍ വി​വാ​ഹം ക​ഴി​ക്കാ​ന്‍ ത​യാ​റ​ല്ലെ​ന്നു​മാ​യി​രു​ന്നു യുവതിയുടെ പ​രാ​തി. ഇ​തേ​ത്തു​ട​ര്‍​ന്ന് റിമ​വാ​ലി എം​എ​ല്‍​എ​യാ​യ ധ​ന​ഞ്ജ​യ് ത്രി​പു​ര​യ്ക്കെ​തി​രേ പൊലീസ് കേ​സെ​ടു​ത്തു. 

കേസില്‍ അന്വേഷണം പുരോഗമിക്കവെയാണ് വിവാഹം. അന്വേഷണം പൂര്‍ത്തിയാക്കി എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്ന് വിവിധ മേഘലകളില്‍നിന്ന് ആവശ്യമുയര്‍ന്നതിനെ തുടര്‍ന്ന് കേസ് ഇല്ലാതാക്കാന്‍ എംഎല്‍എയും കുടുംബവും ശ്രമിച്ചെങ്കിലും പെണ്‍കുട്ടിയും വീട്ടുകാരും വഴങ്ങിയിരുന്നില്ല. ഇതിനിടെ, എം​എ​ല്‍​എ​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത്രി​പു​ര ഹൈ​ക്കോ​ട​തി തള്ളിയത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.

എന്നാല്‍, വിഷയത്തില്‍ പാര്‍ട്ടി നേതൃത്വം ഇടപെട്ടതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. ഒടുക്കം എംഎല്‍എ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു.  

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹം കഴിഞ്ഞതിനാല്‍ കേസ് പിന്‍വലിക്കുമെന്ന് പെണ്‍കുട്ടിയും ബന്ധുക്കളും അറിയിച്ചു.